
സ്വന്തം ലേഖകൻ: കോവിഡിനു കാരണമാകുന്ന കൊറോണ വൈറസ് വവ്വാലുകളിൽനിന്നു മനുഷ്യരിലേക്കു പകരും മുൻപു കാര്യമായ മാറ്റങ്ങൾക്കു വിധേയമായില്ലെന്നു ഗവേഷണ പഠനം. ഒരാളിൽനിന്നു മറ്റൊരാളിലേക്കു പകരാനുള്ള കഴിവ് വവ്വാലുകളിലെ വാസകാലത്തു തന്നെ വൈറസ് കൈവരിച്ചിരുന്നെന്നു വ്യക്തമാക്കുന്നതാണിതെന്നു സ്കോട്‌ലൻഡിലുള്ള യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോ സെന്റർ ഫോർ വൈറസ് റിസർച്ചിലെ ഓസ്കർ മക്‌ലീൻ പറയുന്നു.
ഒരു ജീവി വർഗത്തിൽനിന്നു മറ്റൊന്നിലേക്കു കൂടുമാറുന്ന വൈറസിന് പുതിയ അന്തരീക്ഷത്തിൽ പകർച്ചാശേഷി കൈവരിക്കാൻ അൽപം സമയം എടുക്കുകയാണു പതിവെന്നിരിക്കെ കോവിഡിനു കാരണമാകുന്ന കൊറോണ വൈറസ് റെഡിമെയ്ഡ് പകർച്ചാശേഷിയോടെ മനുഷ്യരിലെത്തി.
മാത്രമല്ല, മനുഷ്യരിലെത്തി ആദ്യ 11 മാസം കൊറോണ വൈറസിനു സുപ്രധാന ജനിതകമാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും മക്‌ലീനുൾപ്പെടെ ഗവേഷകർ ചേർന്നു നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. എല്ലാ വൈറസുകൾക്കുമുണ്ടാകുന്ന അതിസൂക്ഷ്മമായ മാറ്റങ്ങളേ ആ കാലയളവിൽ സംഭവിച്ചിട്ടുള്ളൂ.
ഇപ്പോൾ അതിവേഗം മാറ്റങ്ങൾ നടക്കുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ കണ്ട വൈറസല്ല ഇപ്പോഴത്തേത്. ഇപ്പോൾ പ്രചാരത്തിലുള്ള വാക്സീനുകൾ ഇതുവരെയുളള മിക്ക വൈറസ് വകഭേദങ്ങൾക്കെതിരെയും പ്രവർത്തിക്കുമെങ്കിലും കാലം ചെല്ലുന്തോറും ഈ അവസ്ഥ മാറാമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല