
സ്വന്തം ലേഖകൻ: സൗദിയിലെ പുതിയ തൊഴിൽ പരിഷ്‌കാരം സംബന്ധിച്ച് ആനുകൂല്യം ലഭിക്കാത്ത ആറു വിഭാഗങ്ങളെ കുറിച്ച് വ്യക്തത വരുത്തി മന്ത്രാലയം. സ്വകാര്യ മേഖലയിലെ തൊഴിലുടമയും ജീവനക്കാരും തമ്മിലെ കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച സൗദിയിലെ പുതിയ തൊഴിൽ പരിഷ്കാരത്തിൽ ആറു വിഭാഗങ്ങൾ ഉൾപ്പെടില്ലെന്ന് മാനവ വിഭവ ശേഷി സാമൂഹിക മന്ത്രാലയം വ്യക്തമാക്കി.
വിവിധ തൊഴിൽ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും ഇനിപ്പറയുന്ന ആറു വിഭാഗങ്ങൾക്കല്ലാത്ത സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് പുതിയ പരിഷ്കാരത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കുടുംബ സംരംഭങ്ങളിൽ ഭാര്യ, മാതാപിതാക്കൾ, കുട്ടികൾ ഒഴികെ പുറത്ത് നിന്ന് ജീവനക്കാർ ഇല്ലെങ്കിൽ ഇത്തരം സ്ഥാപനങ്ങൾക്ക് ആനുകൂല്യം ലഭിക്കില്ല.
ക്ലബ്ബുകളുടെയും സ്പോർട്ട്സ് ഫെഡറേഷനുകളിലെയും കളിക്കാർ, കോച്ചുമാർ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. വീട്ടുജോലിക്കാർ സമാന വിഭാഗത്തിൽ പെടുന്ന കാർഷിക തൊഴിലാളികൾ, ഇടയന്മാർ, തോട്ടക്കാർ എന്നിവരുമാണ് മറ്റൊരു വിഭാഗം. 500 ടണ്ണിൽ താഴെ ഭാരം വരുന്ന കപ്പലുകളിൽ ജോലി ചെയ്യുന്ന കടൽ തൊഴിലാളികളും പുതിയ പരിഷ്കരണം ബാധകമാകില്ല.
ഇതിനെല്ലാം പുറമെ, ഒരു പ്രത്യേക സീസണൽ ജോലിയോ നിർദിഷ്‌ട തൊഴിലോ നിർവഹിക്കുന്നതിന് രണ്ട് മാസത്തിൽ കൂടാത്ത കാലയളവിലേക്ക് സ്വദേശികളല്ലാത്തവരെ നിയമിക്കുന്നുവെങ്കിൽ അവരും പുതിയ പരിഷ്കാര നീക്കങ്ങളിൽ ഉൽപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ലേബർ റിഫോം ഇനിഷ്യറ്റീവ് എന്ന പേരിൽ അറിയപ്പെടുന്ന പുതിയ പരിഷ്‌കാരം ഞായറാഴ്ച മുതലാണ് പ്രാപല്യത്തിൽ വന്നത്.
ആകർഷകമായ തൊഴിൽ വിപണി കെട്ടിപ്പടുക്കുക, മാനുഷിക കഴിവുകൾ ശാക്തീകരിക്കുക, തൊഴിൽ അന്തരീക്ഷം വികസിപ്പിക്കുക തുടങ്ങിയ മന്ത്രാലയത്തിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള രാജ്യത്തിന്റെ ദേശീയ പരിവർത്തന പദ്ധതിയുടെ ഒരു സംരംഭമാണ് എൽആർഐ എന്നും അധികൃതർ വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല