
സ്വന്തം ലേഖകൻ: റീ എൻട്രി വീസയിൽ രാജ്യം വിട്ട ശേഷം തിരിച്ചെത്തി തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കാത്ത വിദേശികൾക്കു ആജീവനാന്ത വിലക്കേർപ്പെടുത്തുമെന്ന് സൗദി അറേബ്യ. ഞായറാഴ്ച മുതൽ നിലവിൽ വന്ന പുതിയ തൊഴിൽ നിയമഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇവർക്കു മറ്റൊരു വീസ ലഭിക്കില്ല. കോവിഡ് പശ്ചാത്തലത്തിൽ നിലവിൽ നാട്ടിൽ കുടുങ്ങിയ ഒട്ടേറെ മലയാളികൾക്കു പുതിയ നിയമം തിരിച്ചടിയാകും. നാട്ടിലുള്ള സൗദി വീസക്കാരായ ഭൂരിഭാഗം പേരുടെയും റീ എൻട്രി, ഇഖാമ, തൊഴിൽ കരാർ കാലാവധി തീർന്നു. യാത്രാ വിലക്കുള്ളതിനാൽ സൗദിയിൽ തിരിച്ചെത്തി ജോലിയിൽ പ്രവേശിക്കാൻ ഇവർക്കു സാധിച്ചിട്ടില്ല. ഇത്തരക്കാരുടെ ഇഖാമ, റീഎൻട്രി കാലാവധി ഡിസംബർ വരെ നീട്ടിയിരുന്നു.
പിന്നീട് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും അതത് സ്പോൺസർ ഇടപെട്ട് കാലാവധി ദീർഘിപ്പിക്കുന്നുണ്ട്. യാത്രാ വിലക്കു നീട്ടിയതിനാൽ സൗദിയിൽ തിരിച്ചെത്താൻ ഇന്ത്യക്കാർക്കു മേയ് 17 വരെ കാത്തിരിക്കണം. അതിനാൽ സ്പോൺസർ വഴി രേഖകൾ പുതുക്കാൻ ശ്രമിക്കുന്നത് ഉചിതമായിരിക്കും.
അപേക്ഷ ലഭിച്ച് 10 ദിവസത്തിനകമാണ് റീ എൻട്രി വീസ നൽകുക. ഒരു മാസത്തിനകം രാജ്യം വിട്ടിരിക്കണം. തൊഴിൽകരാർ കാലാവധി അവസാനിച്ചാൽ റീ എൻട്രി വീസ ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല