1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2021

സ്വന്തം ലേഖകൻ: വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും കുവൈത്തും സംയുക്ത കമ്മിഷൻ രൂപീകരിക്കും. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹും തമ്മിലുള്ള യോഗത്തിലാണു തീരുമാനം.

ഉഭയകക്ഷി വിഷയങ്ങളിൽ കുവൈത്തിലും ഇന്ത്യയിലും മാറിമാറി ചേരുന്ന കമ്മീഷൻ യോഗങ്ങൾ ജോയിന്റ് കമ്മീഷൻ മീറ്റിങ് (ജെസി‌എം) എന്ന പേരിൽ അറിയപ്പെടും. നിലവിലുള്ള സംയുക്ത കർമ്മ സമിതികൾക്ക് പുറമെയാണ് സം‌യുക്ത കമ്മീഷൻ.

ഊർജം, വ്യാപാരം, സാമ്പത്തികം, നിക്ഷേപം, മനുഷ്യവിഭവം, മാനവശേഷിയും തൊഴിലും, ധനകാര്യം, വൈദഗ്ധ്യം, സംസ്കാരം, ശാസ്ത്രം, സാങ്കേതികം, വിവര സാങ്കേതികം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ കമ്മിഷൻ ഊന്നൽ നൽകും.

വിവിധ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ഏർപ്പെടുന്ന കരാറുകൾ പ്രാവർത്തികമാക്കുന്നതിലെ തടസ്സങ്ങൾക്ക് കമ്മിഷൻ പരിഹാരം കാണും. കമ്മിഷൻ യോഗത്തിൽ ഇരുരാജ്യങ്ങളിലെയും വിദേശമന്ത്രിമാർ സംയുക്തമായി അധ്യക്ഷത വഹിക്കും. ഇരുപക്ഷത്തും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ചർച്ചക്ക് വിധേയമാകുന്ന വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധരുടെ പങ്കാളിത്തവും ഉറപ്പാക്കും.

പരസ്പര ധാരണയും സൗകര്യവും പരിഗണിച്ചാകും കമ്മിഷൻ യോഗം ചേരുക. നിലവിലുള്ള കർമ സമിതികൾ സംയുക്ത കമ്മിഷന് കീഴിലാക്കും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സമുദ്രയാത്രാ സഹകരണം, ശാസ്ത്ര സാങ്കേതികം, വിവര സാങ്കേതികം, വിദ്യാഭ്യാസം, വൈദഗ്ധ്യവികസനം, സംസ്കാരം, വിനോദസഞ്ചാരം, ആതിഥേയത്വം തുടങ്ങിയ വിഷയങ്ങളിൽ സംയുക്ത കർമസമിതികൾ പരിഗണിക്കാവുന്നതാണ്.

സംയുക്ത കർമ സമിതി കൃത്യമായി യോഗം ചേരണം. സാഹചര്യങ്ങളുടെ അവസ്ഥ പരിഗണിച്ച് വിഡിയോ കോൺ‌ഫറൻസും ആകാം. സംയുക്ത യോഗങ്ങളുടെ റിപ്പോർട്ട് സംയുക്ത കമ്മിഷൻ യോഗങ്ങളിൽ ഹാജരാക്കണം.

കുവൈത്തിന് 2 ലക്ഷം ഡോസ് മെയ്ഡ് ഇൻ ഇന്ത്യ കോവിഡ് വാക്സീൻ നൽകിയതിന് ഇന്ത്യൻ ഭരണകൂടത്തിന് നന്ദിപറഞ്ഞ് കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ്. കോവിഡ് കാലത്തും ലക്ഷക്കണക്കിന് ഇന്ത്യക്കാ‍രെ കരുതലോടെ സംരക്ഷിക്കുന്ന കുവൈത്തിനെ നന്ദിയറിയിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും. വിദേശമന്ത്രിമാരുടെ സാന്നിധ്യത്തിലുള്ള യോഗത്തിനു ശേഷം സംയുക്ത പ്രസ്താവനയിലാണ് ഇരുകൂട്ടരും പരസ്പരം നന്ദി അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.