
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വ്യാപനം വീണ്ടും ശക്തമായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ജീവൻ രക്ഷാ ഉപാധികളുടെ സഹായത്തോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഉയരുന്നത് ആശങ്കാജനകമാണെന്നും കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ഇത്രയേറെ രോഗികൾ ഗുരുതരാവസ്ഥയിൽ എത്തിയിരുന്നില്ലെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകി.
മാർച്ച് മുതൽ കോവിഡ് ഐസിയുവിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ ഇരട്ടി വർധനയുണ്ട്. 280 പേരാണ് ഇപ്പോൾ അഡ്മിറ്റായിട്ടുള്ളത്. കോവിഡ് ഏറ്റവും രൂക്ഷമായി നിന്ന കഴിഞ്ഞ വർഷം മേയിൽ 220 രോഗികൾ മാത്രമേ ഐസിയുവിൽ ഉണ്ടായിരുന്നുള്ളു. കോവിഡിന്റെ രണ്ടാം തരംഗം രോഗികളെ കൂടുതൽ ഗുരുതരാവസ്ഥയിൽ എത്തിക്കുന്നതിന്റെ സൂചനയാണിതെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ഇന്റൻസീവ് കെയർ യൂണിറ്റ് ആക്ടിങ് ചെയർമാൻ ഡോ. അഹമ്മദ് മുഹമ്മദ് പറഞ്ഞു. യുകെയിൽ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കൂടുതൽ ഭീഷണി ഉയർത്തുന്നതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കോവിഡ് വാക്സീനെടുക്കുന്നതിനുള്ള പ്രായപരിധി പൊതുജനാരോഗ്യ മന്ത്രാലയം 40 ആയി കുറച്ചു. നേരത്തെ 50 വയസ്സിനു മുകളിൽ ഉള്ളവർക്കായിരുന്നു വാക്സിനേഷൻ. 16 വയസ്സിനു മുകളിൽ ഉള്ളവർക്ക് ഫൈസർ വാക്സീനും പ്രായമായവർക്ക് മൊഡേണ വാക്സീനും നൽകുന്നു. ഫെബ്രുവരിയിലാണ് മൊഡേണയുടെ അടിയന്തര ഉപയോഗത്തിന് പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്.
നിലവില്‍ ഫൈസര്‍-ബയോടെക് വാക്‌സീന്‍ 16 വയസ്സിന് മുകളിലുളളവര്‍ക്കും മൊഡേണ പ്രായമായവർക്കാണ് നല്‍കുന്നത്. രണ്ടു വാക്‌സീനുകളുടെയും ലഭ്യത വര്‍ധിച്ചതോടെ ദേശീയ കോവിഡ് വാക്‌സിനേഷന്‍ ക്യാംപെയ്ന്‍ വിപുലീകരിക്കാനും അധികൃതര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മുന്‍ഗണനാ അടിസ്ഥാനത്തിലാണ് വാക്‌സീന്‍ നല്‍കുന്നത്.
യോഗ്യരായവര്‍ക്ക് വാക്‌സിനേഷനുള്ള അപ്പോയ്‌മെന്റ് സംബന്ധിച്ച് ഹെല്‍ത്ത് സെന്ററുകളില്‍ നിന്നുള്ള ഫോണ്‍വിളിയോ എസ്എംഎസ് സന്ദേശമോ എത്തും കോവിഡ് വാക്‌സീന്‍ എടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാം. റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണനയനുസരിച്ച് വാക്‌സിനേഷന്‍ ലഭിക്കുക.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര വകുപ്പും രംഗത്തുണ്ട്. ഇത്തരത്തിൽ 340 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 285 കേസുകൾ പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിന്റെ പേരിലാണ്. സാമൂഹിക അകലം പാലിക്കാത്തതിന് 50 പേർക്കെതിരെയും ഇഹ്തെറാസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാത്തതിന് 4 പേർക്കെതിരെയും കേസെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല