1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 385, എറണാകുളം 278, കണ്ണൂർ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസർഗോഡ് 184, കോട്ടയം 184, തൃശ്ശൂർ 182, കൊല്ലം 158, പത്തനംതിട്ട 111, പാലക്കാട് 103, ആലപ്പുഴ 75, ഇടുക്കി 71,വയനാട് 69 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 51783 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 10,98,526 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4646 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 198 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 359, എറണാകുളം 250, കണ്ണൂർ 215, മലപ്പുറം 213, തിരുവനന്തപുരം 146, കാസർഗോഡ് 169, കോട്ടയം 163, തൃശ്ശൂർ 175, കൊല്ലം 150, പത്തനംതിട്ട 90, പാലക്കാട് 41, ആലപ്പുഴ 74, ഇടുക്കി 63, വയനാട് 60 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.കണ്ണൂർ 4, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2287 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 141, കൊല്ലം 201, പത്തനംതിട്ട 116, ആലപ്പുഴ 141, കോട്ടയം 190, ഇടുക്കി 48, എറണാകുളം 393, തൃശൂര്‍ 184, പാലക്കാട് 57, മലപ്പുറം 160, കോഴിക്കോട് 178, വയനാട് 44, കണ്ണൂര്‍ 275, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 26,407 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.10,98,526 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,39,837 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,35,665 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4172 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 684 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 363 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പ്രതിദിന കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ യുഎസിനെ മറികടന്നു

പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,097 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ബ്രസീലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. അമേരിക്കയില്‍ ഏപ്രില്‍ ഒന്നിന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാകട്ടെ 77,718 പുതിയ കേസുകളും.

കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജനുവരി 30-നാണ് ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. അന്നു മുതല്‍ ഇന്നേവരെ 1,23,03,131 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചു. അമേരിക്കയില്‍ ആദ്യ കേസ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് കഴിഞ്ഞ വര്‍ഷം ജനുവരി 22-നാണ്. പിന്നീട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30,538,427 ആയി വര്‍ധിച്ചു. എന്നാല്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ബ്രസീലിനും അമേരിക്കയ്ക്കും പിന്നില്‍ മൂന്നാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ആകെ കോവിഡ് മരണങ്ങളുടെ കാര്യത്തില്‍ അമേരിക്കയ്ക്കും ബ്രസീലിനും മെക്‌സിക്കോയ്ക്കും പിന്നാലെ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം.

പ്രതിദിന കോവിഡ് മരണങ്ങളില്‍ 83.16 ശതമാനവും രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. അതിനിടെ, രാജ്യത്തെ സജീവ കേസുകള്‍ 6,14,696 ആയി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ അഞ്ച് ശതമാനമാണിത്. മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഢ്, കേരള, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആക്ടീവ് കേസുകളില്‍ 77.91 ശതമാനവും. രാജ്യത്തെ ആക്ടീവ് കേസുകളില്‍ 59.84 ശതമാനവും മഹാരാഷ്ട്രയില്‍ മാത്രമാണ്.

രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ മോശം അവസ്ഥയില്‍നിന്ന് വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും വൈറസ് ഇപ്പോഴും സജീവമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും നീതി ആയോഗ് അംഗം വി.കെ പോള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.