
സ്വന്തം ലേഖകൻ: ഒമാനിൽ വിദേശ തൊഴിലാളികളുടെ പുതിയ വിസക്കും വിസ പുതുക്കുന്നതിനുമുള്ള മെഡിക്കൽ പരിശോധന നിർത്തിവെച്ചേക്കും. ഒരു മാസത്തേക്ക് മെഡിക്കൽ പരിശോധന നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ് കൺട്രോൾ വിഭാഗം ഡയറക്ടറേറ്റ് ജനറൽ ആർ.ഒ.പി പാസ്പോർട്ട് ആൻഡ് റെസിഡൻസ് ഡയറക്ടർ ജനറലിനും സിവിൽ സ്റ്റാറ്റസ് ഡയറക്ടർ ജനറലിനും കത്ത് നൽകിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഒരു മാസത്തിനുശേഷം സ്ഥിതിഗതികൾ അവലോകനം ചെയ്തശേഷം പരിശോധന പുനരാരംഭിക്കാനാണ് നിർദേശം. വിദേശത്തുനിന്ന് മെഡിക്കൽ പരിശോധന തുടരാവുന്നതാണെന്നും കത്തിൽ പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മെഡിക്കൽ ഫിറ്റ്നസ് സെൻററുകളിൽ രോഗബാധിതർ മറ്റുള്ളവരുമായി കൂടിക്കലരുന്ന സാഹചര്യം ഒഴിവാക്കാനാണ് തീരുമാനം. 2020 മേയ് 17 മുതൽ നിർത്തിവെച്ചിരുന്ന മെഡിക്കൽ പരിശോധന ഇക്കഴിഞ്ഞ ജനുവരി 17 മുതലാണ് പുനരാരംഭിച്ചത്.
അതിനിടെ റെസിഡൻറ് കാർഡ് കാലാവധി കഴിഞ്ഞിട്ടും ഒമാനിൽ കഴിയുന്നവർക്ക് നാട്ടിലേക്കു മടങ്ങുന്നതിനായി ഒമാൻ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പദ്ധതിയുടെ കാലാവധി ജൂൺ 30 വരെ നീട്ടി. ഇക്കാലയളവിനുള്ളിൽ പദ്ധതിക്കു കീഴിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അനധികൃത താമസത്തിനുള്ള പിഴയൊടുക്കാതെ ജന്മനാടുകളിലേക്ക് മടങ്ങാൻ സാധിക്കും.
നവംബർ 15 മുതൽ ഡിസംബർ 31 വരെയാണ് പദ്ധതി ആദ്യം പ്രഖ്യാപിച്ചത്. ഇത് പിന്നീട് മാർച്ച് 31 വരെയും ശേഷം ഇന്നലെ ജൂൺ 30 വരെയും നീട്ടുകയായിരുന്നു. കോവിഡ് മഹാമാരി കണക്കിലെടുത്താണ് തീയതി നീട്ടിനൽകുന്നതെന്ന് തൊഴിൽ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. ഒമാനിൽ താമസിക്കുന്ന രേഖകളില്ലാത്ത വിദേശ തൊഴിലാളികൾ പിഴയോ നിയമപരമായ പ്രശ്നങ്ങളോ ഇല്ലാതെ രാജ്യം വിടാൻ നീട്ടിനൽകിയ കാലാവധി പ്രയോജനപ്പെടുത്തണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല