1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2021

സ്വന്തം ലേഖകൻ: യാത്രാ വിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടൻ ഇന്ത്യയെയും ഉൾപ്പെടുത്തിയതോടെ ഈ മാസം 24 മുതൽ 30 വരെ ഇന്ത്യയിൽ നിന്നു ബ്രിട്ടനിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. 30നു ശേഷം സർവീസുകൾ തുടരുമോ എന്നകാര്യം സാഹചര്യം വിലയിരുത്തി തീരുമാനിക്കുമെന്നാണ് എയർ ഇന്ത്യയുടെ നിലപാട്. ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് റീഫണ്ട് നൽകുകയോ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റുകൾ റീ ഷെഡ്യൂൾ ചെയ്തു നൽകുകയോ ചെയ്യും. ട്വിറ്ററിലൂടെയാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ നാലു മുതലാണ് റെഡ് ലിസ്റ്റ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകുന്നത്. അതിനുശേഷമുള്ള സർവീസുകൾ ഒരിക്കലും ലാഭകരമാകില്ലെന്ന വിലയിരുത്തലിലാണ് എയർ ഇന്ത്യയുടെ തീരുമാനം. നിലവിൽ ഡൽഹി, മുംബൈ. ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് ആഴ്ചയിൽ മൂന്നുവീതം ആകെ 15 സർവീസുകളാണ് വന്ദേഭാരത് മിഷനിൽ ഉൾപ്പെടുത്തി ബ്രിട്ടനിലേക്കും തിരിച്ചും നടത്തിയിരുന്നത്. ഇതാണു പുതിയ റെഡ് ലിസ്റ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ തൽക്കാലത്തേക്കെങ്കിലും നിലയ്ക്കുന്നത്.

വരും ദിവസങ്ങളിൽ ഓൺലൈനായി നടക്കുന്ന ഇന്ത്യാ- യുകെ ഉന്നതതല നയതന്ത്ര ചർച്ചകളിൽ അത്യാവശ്യ വിമാന സർവീസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചാ വിഷയമാകും. അടുത്ത ഞായറാഴ്ച ആരംഭിക്കേണ്ടിയിരുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശം റദ്ദാക്കിയതിനു പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ടു നടക്കേണ്ടിയിരുന്ന യോഗങ്ങളെല്ലാം ഓൺലൈനായി നടത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്. പുതിയ സാഹചര്യത്തിൽ നിരവധി നിർണായക തീരുമാനങ്ങൾ ഈ യോഗങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനിരുന്ന ബോറിസ് ജോൺസൺ അന്ന് ബ്രിട്ടനിലെ കനത്ത കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു യാത്ര ഏപ്രിലിലേക്കു മാറ്റിയത്. എന്നാൽ ഇപ്പോൾ ബ്രിട്ടനിലെ സ്ഥിതിഗതികൾ ഭദ്രമാണെങ്കിലും ഇന്ത്യയിലെ അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്ര വീണ്ടും മാറ്റുകയായിരുന്നു. ജോൺസൻ്റെ പുതിയ ഇന്ത്യാ സന്ദർശന തിയതികൾ കോവിഡ് വ്യാപനത്തിൻ്റെ തോത് പരിഗണിച്ചായിരിക്കും തീരുമാനിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.