
സ്വന്തം ലേഖകൻ: അവധിക്ക് നാട്ടിൽപോയി യാത്രാനിയന്ത്രണങ്ങളെ തുടർന്ന് കുവൈത്തിലേക്ക് മടങ്ങിവരാനാകാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്കായി കുവൈത്തിലെ ഇന്ത്യൻ എംബസി രജിസ്ട്രേഷൻ ഡ്രൈവ് നടത്തുന്നു. കുവൈത്ത് ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങൾ കാരണം തിരിച്ചുവരവ് മുടങ്ങിയ പ്രവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവരശേഖരണമെന്നു എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.
യാത്രാനിയന്ത്രണങ്ങൾ കാരണം പ്രയാസത്തിലായ പ്രവാസികളുടെ പ്രശ്നങ്ങൾ ഏറ്റവും പുതിയ കണക്കുകൾ സഹിതം കുവൈത്ത് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് നീക്കം. കോവിഡ് 19 പാൻഡെമിക് എന്ന വിഷയത്തിൽ ബുധനാഴ്ച എംബസി സംഘടിപ്പിച്ച ഓൺലൈൻ ഓപൺ ഹൗസിലാണ് അംബാസഡർ സിബി ജോർജ് ഇക്കാര്യം പറഞ്ഞത്.
കോവിഡ് പ്രതിസന്ധിമൂലം പ്രയാസത്തിലായ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി എംബസിയിൽ പ്രത്യേക ഹെൽപ് ഡെസ്ക്കും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. https://forms.gle/sExZK1GKW36BLpVz7 എന്ന ഗൂഗിൾ ഫോറം ലിങ്ക് വഴി വിവരങ്ങൾ നൽകാം. കുവൈത്തിലേക്ക് മടങ്ങിവരാനാവാതെ ഇന്ത്യയിൽ കുടുങ്ങിപ്പോയതു മൂലം ഇഖാമ കാലഹരണപ്പെട്ടവർ, തൊഴിൽ നഷ്്ടപ്പെട്ടവർ, കുവൈത്തിലുള്ള കുടുംബാംഗങ്ങളുടെ അടുത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവർ, കുവൈത്തിൽ വീടും മറ്റു സംവിധാനങ്ങളും ഉള്ളവർ, തിരികെ എത്തി വീണ്ടും ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ, അർഹമായ ശമ്പള കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും വാങ്ങാൻ കഴിയാത്തവർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് എംബസിയുടെ രജിസ്ട്രേഷൻ ഡ്രൈവിൽ വിവരങ്ങൾ നൽകാം. 2020 മേയിൽ നടത്തിയ ഡ്രൈവിൽ രജിസ്റ്റർ ചെയ്തവർ ഈ ഡ്രൈവിലും വിവരങ്ങൾ നൽകണം.
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ എംബസി വെബ്സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിൽ നൽകും. കൂടുതൽ വിവരങ്ങൾക്ക് www.indembkwt.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ Twitter: @indembkwt, Facebook: @indianembassykuwait എന്നീ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ശ്രദ്ധിക്കുകയോ cw1.kuwait@mea.gov.in എന്ന വിലാസത്തിൽ മെയിൽ അയക്കുകയോ ചെയ്യണം.
ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ മൂന്നു ലക്ഷത്തിനടുത്താണ്. കർഫ്യൂ പ്രാബല്യത്തിലുണ്ടായിട്ടും കുവൈത്തിലും കോവിഡ് കേസുകൾ കൂടുതലാണ്. 1400നടുത്താണ് പ്രതിദിന കേസുകൾ. 15000ത്തിന് മുകളിൽ ആളുകൾ ചികിത്സയിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ 250ഒാളം പേർ ഉണ്ട്. െഎ.സി.യു വാർഡുകളുടെ പകുതി നിറഞ്ഞിരിക്കുകയാണ്. ഇരു രാജ്യങ്ങളിലും വൈറസ് വ്യാപനം പരിധി വിട്ടാൽ കാര്യങ്ങൾ കുഴയുമെന്നതാണ് പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല