1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2021

സ്വന്തം ലേഖകൻ: ക്വാറന്റീൻ കടുപ്പിച്ച് യുകെ; ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരുടെ വീടുകളിൽ പോലീസ് പരിശോധന പ്രതീക്ഷിക്കാമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ കഴിഞ്ഞ രാത്രി മുന്നറിയിപ്പ് നൽകി. ആംബർ രാജ്യങ്ങളായ ഫ്രാൻസ്, സ്‌പെയിൻ, ഇറ്റലി എന്നിവ സന്ദർശിക്കുന്ന യാത്രക്കാർ പത്തു ദിവസത്തെ ക്വാറന്റൈൻ നിയമം അനുസരിക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ ശക്തമാക്കുകയാണെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു.

വീടുകൾ സന്ദർശിക്കാനുള്ള ശേഷി നിലവിൽ പോലീസ് സേനയ്ക്കുണ്ട്. ഏതാണ്ട് 30000 ത്തോളം പേരുടെ വീടുകളിൽ പോലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച സന്ദർശനം നടത്തിയതായും പ്രീതി പട്ടേൽ പറഞ്ഞു. ക്വാറന്റൈൻ നിയമങ്ങൾ ലംഘിക്കുന്നവർക്ക് 10,000 പൗണ്ട് വരെയാണ് പിഴ ഈടാക്കുന്നത്. ഇതുവരെ വളരെ കുറച്ച് പേരിൽ നിന്ന് മാത്രമാണ് പിഴ ഈടാക്കിയിട്ടുള്ളത്. എന്നാൽ പരിശോധനകൾ കർശനമാക്കുന്നതോടെ കൂടുതൽ പേർ പിഴയടയ്ക്കേണ്ടി വരുമെന്നാണ് സൂചന.

അടുത്ത മാസത്തോടെ കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കുമെന്ന ശുഭാപ്തി വിശ്വാസം സർക്കാർ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആംബർ ലിസ്റ്റ് രാജ്യങ്ങളെച്ചൊല്ലി ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പങ്ങളാണ് നിലനിന്നിരുന്നത്. അതേസമയം ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ മാത്രം ഇടത്തരം അപകട സാധ്യതയുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതാണ് നല്ലതെന്ന് ബോറിസ് ജോൺസൺ ഇന്നലെ എംപിമാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞതും ഇക്കാര്യത്തിൽ സർക്കാർ നിലപാട് അവ്യക്തമായി തുടരാൻ കാരണമായി.

ഈ വരുന്ന ഞായർ വരെയുള്ള അഞ്ചു ദിവസങ്ങൾക്കുള്ളിൽ 270,000 ബ്രിട്ടീഷുകാർ വരെ ആംബർ രാജ്യങ്ങളിലേക്ക് പറക്കുമെന്ന് ഒരു വിശകലനത്തിൽ പറയുന്നു. സ്പെയിൻ, ഗ്രീസ്, ഫ്രാൻസ്, ഇറ്റലി എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പ്രതിദിനം 54,000 യാത്രക്കാർക്കായി 1,300 ഓളം വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

ഇംഗ്ലണ്ടിലെ 34 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് വ്യാഴാഴ്ച മുതൽ കോവിഡ് വാക്സിൻ നൽകുമെന്ന് എൻഎച്ച്എസ് അറിയിച്ചു. 34 നും 35 നും ഇടയിൽ പ്രായമുള്ള ദശലക്ഷത്തിലധികം ആളുകൾക്ക് മെയ് 20 അല്ലെങ്കിൽ 21 തീയതികളിൽ തങ്ങളുടെ കോവിഡ് -19 വാക്സിൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ആവശ്യപ്പെട്ട് ഒരു എസ്എംഎസ് ലഭിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് സ്ഥിരീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.