1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2021

സ്വന്തം ലേഖകൻ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിക്കെതിരേ വധഭീഷണി മുഴക്കിയ പ്രവാസി യുവാവിനെ നാടുകടത്താന്‍ ദുബായ് കോടതി വിധി. ദുബായ് അല്‍ ബര്‍ഷയിലെ നീന്തല്‍ പരിശീലന കേന്ദ്രത്തില്‍ ലൈഫ് ഗാര്‍ഡായി ജോലി ചെയ്തിരുന്ന 23കാരനെയാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി നാടുകടത്താന്‍ ശിക്ഷിക്കപ്പെട്ടത്. ഒപ്പം ജോലി ചെയ്തിരുന്ന പ്രവാസി വനിതയുടെ പരാതിയിലാണ് കോടതി വിധി.

യുവതിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താതാല്‍പ്പര്യമുണ്ടെന്നും അറിയിച്ച് പ്രതി മെസേജ് അയക്കുകയായിരുന്നു. യുവതി ആവശ്യം നിരസിച്ചതോടെ യുവാവ് ക്ഷുഭിതനായി. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിരവധി വാട്സ്ആപ് മെസേജുകള്‍ അയക്കുകയും നേരിട്ട് ഫോണ്‍ വിളിച്ച് ഭീഷണി മുഴക്കുകയും ചെയ്തു. വാട്ട്‌സ്ആപ്പിലൂടെ യുവതിയെ അപമാനിക്കുന്ന സംഭവങ്ങളുമുണ്ടായി. ഈ വര്‍ഷം ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

ഇതുമായി ബന്ധപ്പെട്ട് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിക്ക് താന്‍ മൊബൈല്‍ സന്ദേശങ്ങള്‍ അയച്ചതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു. യുവതിയോടുള്ള ഇഷ്ടം കൊണ്ടായിരുന്നു അങ്ങനെ ചെയ്തതെന്നായിരുന്നു അയാളുടെ ഭാഷ്യം. എന്നാല്‍, കേസ് കോടതിയിലെത്തിയപ്പോള്‍, തനിക്ക് മാനസിക രോഗമുണ്ടെന്നും താന്‍ എന്തൊക്കെയാണ് ചെയ്തതെന്നതിനെ കുറിച്ച് വ്യക്തമായ ഓര്‍മയില്ലെന്നും ഇയാള്‍ വാദിക്കുകയായിരുന്നു.

കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തനിക്ക് മാനസിക അസ്വസ്ഥതള്‍ ഉണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഇയാള്‍ കോടതിയില്‍ ഹാജരാക്കി. മാനസികാരോഗ്യ ആശുപത്രിയില്‍ ചികില്‍സ തേടിയതിന്റെ തെളിവുകളും ഇയാള്‍ നല്‍കി.

ഭീഷണിപ്പെടുത്തല്‍, അപമാനിക്കല്‍, ശല്യം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ഇയാള്‍ക്ക് ആദ്യം കോടതി മൂന്ന് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ്, നാടുകടത്താന്‍ ഉത്തരവിടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.