
സ്വന്തം ലേഖകൻ: സെപ്റ്റംബര്‍ 19 ഞായറാഴ്ച മുതല്‍ അബുദാബിയിലേക്ക് പ്രവേശിക്കാന്‍ കോവിഡ് പരിശോധനയിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കിയതായി അബൂദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനമായി കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. അതോടൊപ്പം പൊതു ഇടങ്ങളിലെ പ്രവേശനത്തിന് അല്‍ഹുസ്ന്‍ ആപ്പിലെ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കാന്‍ കാരണമായി.
ഇതോടെ 2020 മുതല്‍ നിലവിലുള്ള നിയന്ത്രണമാണ് അബുദാബി അധികൃതര്‍ ഒഴിവാക്കിയത്. നേരത്തേയുള്ള നിയമപ്രകാരം അബൂദാബിയിലെത്തുന്ന യാത്രക്കാരും ഓഫീസ് ജീവനക്കാരും കുടുംബങ്ങളും ടൂറിസ്റ്റുകളുമെല്ലാം 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെയോ 24 മണിക്കൂറിനുള്ളില്‍ എടുത്ത ഡിപിഐ ടെസ്റ്റിലെയോ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അതിര്‍ത്തികളില്‍ കാണിക്കമെന്നായിരുന്നു വ്യവസ്ഥ.
വാക്‌സിനെടുക്കാത്തവരാവട്ടെ, നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളില്‍ വീണ്ടും പരിശോധന നടത്തണമെന്നും നിഷ്‌ക്കര്‍ഷിച്ചിരുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് നിരക്ക് 1000ത്തിന് മുകളിലേക്ക് പോയതിനെ തുടര്‍ന്നായിരുന്നു ഈ നിബന്ധന അധികൃതര്‍ മുന്നോട്ടുവച്ചത്. അതേസമയം, അബുദാബിയിലെത്തുന്ന വിദേശികളും സന്ദര്‍ശകരും സ്വദേശികളുമെല്ലാം കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറും. അബുദാബിയിലേക്ക് പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന തീരുമാനത്തെ ഏറെ സന്തോഷത്തോടെയും ആശ്വാസത്തോടെയുമാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെയ്തത്.
അതിനിടെ, വിദേശത്തു നിന്നെത്തുന്നവരും കോവിഡ് പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും ക്വാറന്റൈന്‍ കാലയളവില്‍ റിസ്റ്റ് ബാന്‍ഡ് ധരിക്കണമെന്ന നിബന്ധനയും അബുദാബി ഒഴിവാക്കി. ഈ തീരുമാനവും സെപ്റ്റംബര്‍ 19 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
അതേസമയം, കോവിഡ് പൊസിറ്റീവായി ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ഇലക്ട്രോണിക് റിസ്റ്റ് ബാന്‍ഡ് ധരിക്കണമെന്ന നിബന്ധനയില്‍ മാറ്റമില്ലെന്നും അധികൃതര്‍ അറിയിച്ചു. ക്വാറന്റൈന്‍ കാലയളവില്‍ ആളുകള്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ട്രാക്കിംഗ് സംവിധാനത്തോടു കൂടിയുള്ള ഇലക്ട്രോണിക് റിസ്റ്റ് ബാന്റ് അബുദാബി നിര്‍ബന്ധമാക്കിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല