1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2021

സ്വന്തം ലേഖകൻ: താലിബാനില്‍ അധികാരത്തര്‍ക്കമുണ്ടായതായും പ്രമുഖ താലിബാന്‍ നേതാവ് മുല്ലാ അബ്ദുല്‍ ഗനി ബറാദറിന് വെടിയേറ്റിരുന്നതായും റിപ്പോര്‍ട്ട്. ഈ മാസം ആദ്യത്തിലാണ് കാബൂളിലെ കൊട്ടാരത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്കിടെ കൈയാങ്കളിയും വെടിവയ്പ്പുമുണ്ടായത്. അമേരിക്കയുമായുള്ള താലിബാന്റെ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് മുല്ലാ ബറാദറായിരുന്നു.

അഫ്ഗാനില്‍ സംഘം അധികാരത്തിലെത്തിയാല്‍ ഭരണത്തലവനാകുമെന്നു പ്രതീക്ഷിക്കപ്പെട്ട നേതാവ്. എന്നാല്‍, പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്കിടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ വേണമെന്നു വാദിച്ചതോടെയാണ് മുല്ലാ ബറാദറിനെതിരെ താലിബാനകത്തുനിന്നു തന്നെ എതിര്‍പ്പുയര്‍ന്നത്. ഹഖാനി വിഭാഗമാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.

താലിബാന്‍ ഇതര നേതാക്കളെയും ന്യൂനപക്ഷ ഗോത്രവിഭാഗങ്ങളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു മുല്ലാ ബറാദര്‍ ആവശ്യപ്പെട്ടത്. എല്ലാവരെയും ഉള്‍ക്കൊള്ള സര്‍ക്കാരാകും ലോകരാഷ്ട്രങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമാകുകയെന്നും അദ്ദേഹം വാദിച്ചു. ഇതോടെ ഹഖാനി നേതാവായ ഖലീലുറഹ്‌മാന്‍ ഹഖാനി കസേരയില്‍നിന്ന് എണീറ്റ് മുല്ലാ ബറാദറിനെ ഇടിക്കന്‍ തുടങ്ങി.

ചര്‍ച്ച ബഹളത്തിലേക്കും കൈയാങ്കളിയിലേക്കും നീങ്ങിയതോടെ അംഗരക്ഷകര്‍ മുറിയില്‍ പ്രവേശിച്ച് വെടിയുതിര്‍ത്തു. ഇതില്‍ ഏതാനും പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. വെടിവയ്പ്പില്‍ പരിക്കേറ്റ മുല്ലാ ബറാദര്‍ താലിബാന്‍ കേന്ദ്രമായ കാണ്ഡഹാറിലേക്ക് രക്ഷപ്പെട്ടു. സംഘടനയുടെ പരമോന്നത നേതാവായ ഹിബത്തുല്ല അഖുന്ദ്‌സാദയുമായി വിഷയം ചര്‍ച്ച ചെയ്യാനായിരുന്നു അദ്ദേഹം കാണ്ഡഹാറിലെത്തിയത്.

താലിബാനുപുറത്തുന്ന് ഒരു നേതാവിനെയും ഉള്‍പ്പെടുത്താതെ സെപ്റ്റംബര്‍ ഏഴിന് മന്ത്രിസഭാ പട്ടിക പുറത്തുവിട്ടിരുന്നു. അംഗങ്ങളില്‍ 90 ശതമാനം പേരും പഷ്തൂണ്‍ വിഭാഗത്തില്‍നിന്നുള്ളവരായിരുന്നു. ഹഖാനി വിഭാഗത്തില്‍നിന്ന് നാലുപേരും ഇടംപിടിച്ചു. ഇതില്‍ സിറാജുദ്ദീന്‍ ഹഖാനി ആഭ്യന്തര മന്ത്രിയുമായി. ഭരണത്തലവൻ ആകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന മുല്ലാ ബറാദര്‍ രണ്ട് ഉപപ്രധാനമന്ത്രിമാരില്‍ ഒരാളാകുകയും ചെയ്തു.

അതേസമയം, മന്ത്രിസഭാ ചര്‍ച്ചയ്ക്കിടെ ഏറ്റുമുട്ടലുണ്ടായതായുള്ള വാര്‍ത്തകള്‍ താലിബാന്‍ അംഗങ്ങള്‍ തള്ളിയിട്ടുണ്ട്. തനിക്ക് പരിക്കേറ്റതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് മുല്ലാ ബറാദര്‍ തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാല്‍, പുതിയ താലിബാന്‍ സര്‍ക്കാരിന്റെ ആദ്യ യോഗത്തില്‍ ബറാദറുണ്ടായിരുന്നില്ല. ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ആല്‍ഥാനിയുടെ അഫ്ഗാന്‍ സന്ദര്‍ശനത്തിലും താലിബാന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ബറാദറിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ മാസം 12നായിരുന്നു ഖത്തര്‍ നേതാവിന്റെ സന്ദര്‍ശനം. ഖത്തര്‍ നേതാവിന്റെ സന്ദര്‍ശനത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും ഈ സമയത്ത് താന്‍ രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് സന്ദര്‍ശനത്തിലായിരുന്നുവെന്നുമായിരുന്നു ബറാദറിന്റെ വിശദീകരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.