1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2021

സ്വന്തം ലേഖകൻ: ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ മുംബൈ ആഡംബരക്കപ്പൽ ലഹരിപ്പാർട്ടി കേസിൽ പുതിയ വെളിപ്പെടുത്തൽ. കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ എന്നയാളാണ് കോടികളുടെ ഇടപാടാണ് ലഹരികേസിന്‍റെ മറവിൽ നടക്കുന്നതെന്ന് സത്യവാങ്മൂലം നൽകിയത്. കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകർ സെയിൽ. എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണെന്നാണ് ഇയാളുടെ ആരോപണം.

കേസിലെ സാക്ഷിയും മറ്റൊരു വഞ്ചന കേസിലെ പ്രതിയുമായ കെ.പി. ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ ‘ഡീല്‍’ ചര്‍ച്ച നടന്നു എന്നാണ് പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയത്. എട്ട് കോടി എന്‍.സി.ബി സോണൽ ഡയറക്ടർ സമീര്‍ വാങ്കഡെയ്ക്ക് നല്‍കാനും ധാരണയായെന്ന് പ്രഭാകര്‍ സെയില്‍ ആരോപിച്ചു. എന്നാൽ, ആരോപണം സമീര്‍ വാങ്കഡെ നിഷേധിച്ചു.

നിങ്ങള്‍ 25 കോടിയുടെ ബോംബിട്ടു. നമുക്കിത് 18 കോടിയില്‍ ഒതുക്കിത്തീര്‍ക്കാം. എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കാം’- ഒക്ടോബര്‍ മൂന്നിന് സാം ഡിസൂസ എന്നയാളും കേസിലെ സാക്ഷിയായ ഗോസാവിയും തമ്മില്‍ കണ്ടെന്നും ഇക്കാര്യമാണ് അവര്‍ സംസാരിച്ചതെന്നും പ്രഭാകര്‍ സെയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ജീവന് ഭീഷണിയുള്ളതിനാലാണ് ഇങ്ങനെയൊരു സത്യവാങ്മൂലം ഫയൽ ചെയതതെന്നും പ്രഭാകർ സെയിൽ പറയുന്നു.

അതേസമയം, സാം ഡിസൂസ ആരാണെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഇരുവരും ഗൂഢാലോചന നടത്തി ഷാരൂഖില്‍ നിന്നും പണം തട്ടാനാണോ പദ്ധതിയിട്ടതെന്നും വ്യക്തമായിട്ടില്ല. ആര്യൻ ഖാനെ എന്‍.സി.ബി ഓഫിസിലെത്തിച്ചപ്പോള്‍ കെ.പി. ഗോസാവിയെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമാണെന്ന് സമീര്‍ വാങ്കഡെ പ്രതികരിച്ചു. അങ്ങനെ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ഈ കേസില്‍ ആരെങ്കിലും ജയിലില്‍ അടയ്ക്കപ്പെടുമായിരുന്നോ എന്നാണ് വാങ്കഡെയുടെ ചോദ്യം. എന്‍.സി.ബിയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് ഈ ആരോപണങ്ങള്‍. ഓഫിസിൽ സിസിടിവി ക്യാമറകളുണ്ട്. ആരോപിക്കുന്നതുപോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും വാങ്കഡെ പറഞ്ഞു.

തന്നെ സാക്ഷിയാക്കുകയായിരുന്നെന്നും റെയ്ഡ് നടന്ന ദിവസം തന്നെക്കൊണ്ട് എൻ.സി.ബി ഉദ്യോഗസ്ഥര്‍ 10 വെള്ള പേപ്പറില്‍ ഒപ്പിടുവിച്ചെന്നും പ്രഭാകര്‍ സെയില്‍ ആരോപിച്ചു. ഈ ആരോപണവും എൻ.സി.ബി നിഷേധിച്ചു. കപ്പലിൽ റെയ്ഡ് നടന്ന ഒക്‌ടോബർ രണ്ടിന് മുമ്പ് പ്രഭാകർ സെയിലിനെ കുറിച്ച് തങ്ങൾ കേട്ടിട്ടില്ലെന്നും അയാൾ ആരാണെന്ന് അറിയില്ലെന്നും എൻ.സി.ബി ഉദ്യോഗസ്ഥര്‍ പറയുന്നു. സത്യവാങ്മൂലം കോടതിയിലെത്തുമ്പോൾ മറുപടി നൽകുമെന്നാണ് എൻ.സി.ബി പറയുന്നത്.

ആഡംബരക്കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുമ്പോൾ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്കൊപ്പം കെ.പി. ഗോസാവി ഉണ്ടായിരുന്നു. ഇയാളുടെ സാന്നിധ്യം സംശയമുണർത്തുന്നതാണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉൾപ്പെടെ ആരോപിച്ചിരുന്നു. സാക്ഷികളിലൊരാൾ ഇയാളാണെന്നായിരുന്നു എൻ.സി.ബിയുടെ വിശദീകരണം. അറസ്റ്റിന് തൊട്ടുപിന്നാലെ ആര്യൻ ഖാനൊപ്പമുള്ള സെൽഫി ഇയാൾ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു.

അതിനിടെ, കാണാതായ കെ.പി. ഗോസാവിക്കായി പുനെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പുണെ പൊലീസ് 2018ൽ രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിലാണ് കെ.പി. ഗോസാവിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഫറസ്ഖാന പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ ഒളിവിലായിരുന്നത്രെ. എന്നാൽ, താൻ സ്വകാര്യ ഡിറ്റക്ടീവ് ആണെന്നായിരുന്നു ഗോസാവി അവകാശപ്പെട്ടിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.