
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് എംപിമാരെ പെയ്ഡ് പൊളിറ്റിക്കൽ കൺസൾട്ടന്റുകളോ ലോബിയിസ്റ്റുകളോ ആയി പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ നിർദ്ദേശം. ഭരണകക്ഷിയെ വെട്ടിലാക്കിയ ഓവൻ പാറ്റേർസൺ സ്ലീസ് വിവാദത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. എംപിമാർക്കായുള്ള പെരുമാറ്റച്ചട്ടം പുതുക്കണം എന്നാവശ്യപ്പെട്ട് കോമൺസ് സ്പീക്കർക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർ ലിൻഡ്‌സെ ഹോയ്‌ലിന് അയച്ച കത്തിൽ തന്റെ പദ്ധതികൾ വിശദമാക്കിയ പ്രധാനമന്ത്രി, തങ്ങളുടെ ഘടകകക്ഷികളോടുള്ള കടമകൾ അവഗണിക്കുകയും ബാഹ്യ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്ന എംപിമാരുടെ നടപടികൾ അന്വേഷിക്കണമെന്നും നിലവിലുള്ള അച്ചടക്ക സമിതികൾ ഉചിതമായ ശിക്ഷ നൽകുമെന്ന് സർക്കാർ ഉറപ്പാക്കുമെന്നും പറഞ്ഞു. പണം വാങ്ങി രാഷ്ട്രീയ കൺസൾട്ടന്റുകളോ ലോബിയിസ്റ്റുകളോ ആയി പ്രവർത്തിച്ച എംപിമാരെ അവരുടെ സ്ഥാനങ്ങൾ ചൂഷണം ചെയ്യുന്നതിൽ നിന്ന് അച്ചടക്ക സമിതി വിലക്കും.
അതേസമയം ലോബിയിങ് നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ എംപി ഓവൻ പാറ്റേഴ്സണെ ഉടനടി പുറത്താക്കുന്നത് തടയാൻ പെരുമാറ്റച്ചട്ടം മുന്നോട്ട് വക്കുകയാണ് പ്രധാനമന്ത്രിയുടെ തന്ത്രമെന്ന് ലേബർ പാർട്ടി ആരോപിച്ചു. ലോബിയിംഗ് നിയമങ്ങൾ ലംഘിച്ചതിന് ഓവനെ ആറാഴ്ചത്തേക്ക് കോമൺസിൽ നിന്ന് വിലക്കുന്നതിനുള്ള വോട്ടെടുപ്പ് ടോ റി എംപിയുടെ ഇടപെടൽ മൂലം നടന്നില്ല.
തുടർന്ന് ഓവൻ വിഷയത്തിൽ പ്രധാനമന്ത്രി മലക്കം മറിച്ചിൽ നടത്താൻ നിർബന്ധിതനായതായി പ്രതിപക്ഷം ആരോപിക്കുന്നു. വിവാദം രൂക്ഷമായതോടെ കൺസർവേറ്റീവ് മുൻ മന്ത്രി ഓവൻ പാറ്റേഴ്‌സൺ നോർത്ത് ഷ്രോപ്ഷെയറിലെ എംപി സ്ഥാനം രാജിവച്ചിരുന്നു. അതേസമയം പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ ലേബർ പരിഗണിക്കുമെന്ന് പ്രതിപക്ഷ നേതാവ് സർ കീർ സ്റ്റമർ പറഞ്ഞു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല