
സ്വന്തം ലേഖകൻ: കൊറോണയുടെ ഒമിക്രോൺ വകഭേദം ഡെൽറ്റ വകഭേദത്തെക്കാൾ 70 ഇരട്ടി വേഗത്തിലാണ് പടരുന്നതെന്ന് പഠന റിപ്പോർട്ട്. വായുമാർഗ്ഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഇത് അതിവേഗം വ്യാപിക്കും. അതേസമയം കൊറോണയുടെ ആദ്യത്തെ വകഭേദത്തെക്കാൾ പത്ത് മടങ്ങ് പതിയെ മാത്രമേ ഒമിക്രോൺ ശ്വാസകോശത്തെ ബാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഗുരുതരമായ അസുഖങ്ങൾ ബാധിച്ചേക്കില്ല.
ഒമിക്രോൺ വകഭേദം ശരീരത്തിലെ കോശങ്ങളെ മുറുകെ പിടിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആന്റിബോഡികളെ ചെറുക്കാൻ അവയ്ക്കാകുമെന്നും പഠനത്തിന് നേതൃത്വം കൊടുത്ത ഹോങ് കോങ് യൂണിവേഴ്സിറ്റിയിലെ മൈക്കിൾ ചാൻ ചി-വായ് പറയുന്നു. ഓരോ വ്യക്തിയുടേയും രോഗപ്രതിരോധ ശേഷിയും നിർണ്ണായകമാണെന്നും, മരണത്തിന് വരെ കാരണമായേക്കാമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.
നിലവിൽ 77 രാജ്യങ്ങളിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വളരെ വേഗത്തിൽ ഇതു പടരുന്നുണ്ടെന്നും, ജാഗ്രത പാലിച്ചില്ലെങ്കിൽ വീണ്ടും നിയന്ത്രണാതീതമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ പോകുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യയിൽ ഇതുവരെ 73 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 32 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. മുംബൈ മേഖലയിലുൾപ്പെടെ സംസ്ഥാന സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു.
ബ്രിട്ടനിലും ആശങ്കാജനകമായ രീതിയിൽ കൊറോണ കേസുകൾ വർദ്ധിക്കുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. 78,610 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഒമിക്രോൺ കേസുകൾ രണ്ട് ദിവസം കൂടുമ്പോൾ ഇരട്ടിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് ഇപ്പോൾ ഡെൽറ്റ കേസുകളാണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വൈകാതെ ഒമിക്രോൺ കേസുകൾ ഇതിനെ മറികടക്കുമെന്നും വിദഗ്ധർ പറയുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല