ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഉദ്‌ഘാടന ചടങ്ങില്‍ ഗുസ്‌തി താരം സുശീല്‍ കുമാര്‍ ഇന്ത്യയുടെ പതാകവാഹകനാകുമെന്നു സൂചന. ലണ്ടന്‍ ഒളിമ്പിക്‌സിന് 23 ദിവസം മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനു പതാക വാഹകന്റെ കാര്യത്തില്‍ അന്തിമ തീര്‍പ്പുണ്ടാക്കാനായിരുന്നില്ല.
ബെയ്‌ജിംഗ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ അഭിനവ് ബിന്ദ്രയെ പതാകവാഹകനാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ 30 നു നടക്കുന്ന 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ബിന്ദ്ര ഉദ്‌ഘാടന ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കാനാണ് ആലോചിക്കുന്നത്. ആറു മണിക്കൂറോളം പതാകയുമായി നില്‍ക്കേണ്ടി വരുന്നതു പ്രകടനത്തെ ബാധിക്കുമെന്നാണു ബിന്ദ്രയുടെ ഭയം. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ബിന്ദ്ര മറ്റു ഷൂട്ടിംഗ് താരങ്ങളെക്കാള്‍ മുന്‍പേ ലണ്ടനിലെത്തുമെന്ന് ദേശീയ ഷൂട്ടിംഗ് കോച്ചും മലയാളിയുമായ സണ്ണി തോമസ് പറഞ്ഞു. മത്സരത്തിന് അഞ്ചു ദിവസം മുന്‍പു വരെ പരിശീലനം നടത്തിയ ശേഷം വിശ്രമിക്കാനാണു ബിന്ദ്രയുടെ തീരുമാനമെന്നും സണ്ണി തോമസ് പറഞ്ഞു. 21 നാണ് മറ്റു ഷൂട്ടിംഗ് താരങ്ങള്‍ ഒളിമ്പിക് ഗ്രാമത്തിലെത്തുക. ബിന്ദ്രയെ കൂടാതെ ഗഗന്‍ നാരംഗും 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മത്സരിക്കുന്നുണ്ട്.
ബോക്‌സിംഗ് താരം വിജേന്ദര്‍ കുമാറും ബിന്ദ്രയെപ്പോലെ പ്രശ്‌നത്തിലാണ്; വിജേന്ദറിന്റെ മത്സരം 28 നാണു തുടങ്ങുന്നത്. ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്‌സിന്റെ പേര് ഉയര്‍ന്നു വന്നെങ്കിലും ഏതെങ്കിലും പുതുമുഖത്തെ പതാകവാഹകനാക്കാനായിരുന്നു ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനു താല്‍പര്യം. ഇതോടെയാണു സുശീല്‍ കുമാറിനു നറുക്കു വീണത്. സിഡ്‌നി ഒളിമ്പിക്‌സില്‍ പെയ്‌സായിരുന്നു ഇന്ത്യയുടെ പതാകവാഹകന്‍. ബെയ്‌ജിംഗ് ഒളിമ്പിക് ഗുസ്‌തിയില്‍ വെങ്കലം നേടാന്‍ സുശീല്‍ കുമാറിനായിരുന്നു. ഓഗസ്‌റ്റ് ആദ്യ വാരത്തിലാണ് സുശീലിന്റെ മത്സരങ്ങള്‍ തുടങ്ങുക. ഇന്ത്യന്‍ ഗുസ്‌തി ടീം ഓഗസ്‌റ്റ് മൂന്നോടെയേ ലണ്ടനിലെത്തു. യു.എസില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന സുശീല്‍ കുമാര്‍ അവസാന വട്ട തയാറെടുപ്പുകള്‍ക്കായി ബെലാറസിലേക്കു പോകാനിരിക്കുകയാണ്. സുശീല്‍ കുമാറിനെ പ്രത്യേകം ക്ഷണിക്കാന്‍ ഐ.ഒ.എ. അധികൃതര്‍ യു.എസിലേക്കു പോകുന്നുണ്ട്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല