സ്വന്തം ലേഖകന്‍: വാഹനാപകടത്തില്‍പ്പെട്ട അബുദാബിയിലെ മലയാളി യുവാവിന് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്കാന് വിധി. കണ്ണൂര്‍ സ്വദേശി ഷിജിയ്ക്കാണ് അഞ്ചു ശതമാനം പലിശ ഉള്‍പ്പെടെ ഒന്നരക്കോടി ഇന്ത്യന്‍ രൂപയ്ക്ക് തത്തുല്യമായ തുക (എട്ടു ലക്ഷം ദിര്‍ഹം) നഷ്ടപരിഹാരം
ലഭിക്കുക.
2014 ജൂലൈയില്‍ അബുദാബി സായിദ് മിലിട്ടറി സിറ്റിയിലാണ് അപകടം ഉണ്ടായത്. ഷിജി യാത്ര ചെയ്തിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഓര്‍മ്മശക്തി നഷ്ടപ്പെട്ട ഷിജിയെ മൂന്നു മാസത്തോളം അബുദാബി അല്‍ റഹ്ബ ആശുപത്രിയില്‍ ചികിത്സിക്കുകയും തുടര്‍ന്ന് വിമാനത്തില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കി നഴ്സിന്റെ സഹായത്തോടെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് കൊണ്ടുപോകുകയുമായിരുന്നു.
ഏറെ നാളത്തെ ചികിത്സക്കു ശേഷം ഓര്‍മ്മ ശക്തി വീണ്ടെടുത്ത ഷിജി നഷ്ടപരിഹാരത്തിനായി പ്രാഥമിക കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. 13 ലക്ഷം ദിര്‍ഹമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. നിലവില്‍ അനുവദിച്ചിട്ടുള്ള തുക ഷിജിയുടെ അംഗവൈകല്യത്തിന് മതിയായ നഷ്ടപരിഹാരമല്ലെന്നും ഇതിനെതിരെ അപ്പീല്‍ പോകുമെന്നും ഷിജിയുടെ വക്കീല്‍ അഡ്വ.ഷംസുദ്ധീന് വ്യക്തമാക്കി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല