1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2016

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദി മൊസൂളില്‍ ഇറാഖി സേനയുടെ വലയിലായതായി സൂചന. ഇറാഖി സഖ്യസേന മൊസൂള്‍ നഗരത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അല്‍ബാഗ്ദാദി രക്ഷപ്പെടാനാവാതെ നഗരത്തില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ ബാഗ്ദാദി മൊസൂളിലുണ്ടെന്നു വിവിധ കേന്ദ്രങ്ങളില്‍നിന്നു വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്ന് കുര്‍ദിഷ് പ്രസിഡന്റ് ബര്‍സാനിയുടെ ചീഫ്ഓഫ് സ്റ്റാഫ് ഫുവാദ് ഹൂസൈന്‍ പറഞ്ഞു.

മൊസൂളിലും സമീപനഗരമായ തല്‍ അഫാറിലുമുള്ള ഐഎസ് കമാന്‍ഡര്‍മാരുടെ സംരക്ഷണയിലാണ് അദ്ദേഹം. ഐഎസിന്റെ പിടിയില്‍നിന്നു മൊസൂള്‍ മോചിപ്പിക്കുന്നതിനുള്ള യുദ്ധം നീണ്ടുപോകാനും ബാഗ്ദാദിയുടെ സാന്നിധ്യം ഇടയാക്കിയേക്കും. എന്തുവില കൊടുത്തും തങ്ങളുടെ നേതാവിനെ സംരക്ഷിക്കാനായി ഐഎസ് ഭീകരര്‍ ഘോരയുദ്ധം തന്നെ നടത്തുമെന്നും ഇറാഖി സൈന്യത്തിലെ ബ്രിഗേഡിയര്‍ ജനറല്‍ ഹൈദര്‍ ഫാദ്ഹില്‍ പറഞ്ഞു.

ഇറാഖി സൈനികര്‍ തിങ്കളാഴ്ച കിഴക്കന്‍ മൊസൂളില്‍ കടക്കുകയും മൊസൂള്‍ ടിവി സ്റ്റേഷന്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ കാര്യമായ പോരാട്ടം നടന്നില്ല. കാലാവസ്ഥ മോശമായതിനാല്‍ യുഎസ് യുദ്ധവിമാനങ്ങള്‍ക്കും ഡ്രോണുകള്‍ക്കും ഐഎസ് കേന്ദ്രങ്ങളില്‍ ബോംബിംഗ് നടത്താനായില്ലെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഹൈദര്‍ ഫാദ്ഹില്‍ കൂട്ടിച്ചേര്‍ത്തു.

തെരുവുകളില്‍ ഐഎസ് കുഴിച്ചിട്ടിരിക്കുന്ന ബോംബുകളും വീടുകളില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരരുമാണ് സൈന്യത്തിന്റെ പ്രധാന തലവേദന. മൊസൂളിലെ സാധാരണ പൗരന്മാര്‍ക്ക് അപായം ഉണ്ടാവാതിരിക്കണമെങ്കില്‍ വീടുതോറുമുള്ള പരിശോധന ആവശ്യമാണ്. ഭീകരരെ പൂര്‍ണമായി തുരത്തി മൊസൂളിന്റെ നിയന്ത്രണം പിടിക്കാന്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. 2014 ലാണ് മൊസൂള്‍ ഐഎസ് കീഴടക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.