1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2012

ആറന്മുള വിമാനത്താവളത്തിന് ഉപാധികളോടെ പാരിസ്ഥിതിക അനുമതി ലഭിച്ചു. വിമാനത്താവളത്തിനായി നെല്‍വയല്‍ നികത്താനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. സംസ്ഥാന പരിസ്ഥിതി വകുപ്പിന്‍െറ ശിപാര്‍ശ അംഗീകരിച്ചാണ് അനുമതി നല്‍കിയത്. പത്തുവര്‍ഷത്തിലേറെയായി പാടത്ത് കൃഷി നടന്നിട്ടില്ലെന്ന് വിലയിരുത്തിയ മന്ത്രാലയം അതിനാല്‍ നികത്തുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

റണ്‍വേ, ടാക്സി ബേ, ചരക്കു കയറ്റാനുള്ള ഭാഗം എന്നിവക്കാവശ്യമായ സ്ഥലങ്ങളില്‍ മാത്രമേ ഭൂമി നികത്താവൂവെന്നും അവശേഷിക്കുന്ന ഭൂമിയില്‍ തല്‍സ്ഥിതി തുടരണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. കൂടാതെ, പ്രദേശത്തെ അരുവികള്‍ സംരക്ഷിക്കണമെന്നും അവയുടെ ഒഴുക്ക് തടയരുതെന്നും ഉപാധി വെച്ചിട്ടുണ്ട്. അതിനു സംസ്ഥാന ജലവകുപ്പ് മേല്‍നോട്ടം വഹിക്കണം. രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടായി നിര്‍മിക്കുന്ന ഇവിടെ മൊത്തം 500 ഏക്കര്‍ ഭൂമിയാണ് വിമാനത്താവള നിര്‍മാണത്തിനായി അനുമതി നല്‍കിയിരിക്കുന്നതും.

ആറന്മുളയില്‍ നെല്‍പാടം നികത്തല്‍ വിവാദമായതിനെ തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാന പരിസ്ഥിതി വകുപ്പിന്‍െറ റിപ്പോര്‍ട്ട് തേടുകയായിരുന്നു. 500 ഏക്കര്‍ അടങ്ങുന്ന പദ്ധതിപ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിനാല്‍ പദ്ധതിക്ക് അനുമതി നല്‍കാമെന്നും സംസ്ഥാന പരിസ്ഥിതി വകുപ്പ് സെക്രട്ടറി ശിപാര്‍ശ ചെയ്തു. ഇക്കാര്യത്തില്‍ പുറത്തുവന്ന വാര്‍ത്തകളും മന്ത്രാലയ സമിതി പരിശോധിച്ചു. കഴിഞ്ഞ പത്തുവര്‍ഷമായി പദ്ധതി പ്രദേശത്തെ നെല്‍വയലുകളില്‍ കൃഷി നടന്നിട്ടില്ലെന്ന സംസ്ഥാന പരിസ്ഥിതി വകുപ്പിന്‍െറ വാദം ശരിയാണെന്ന് സമിതി കണ്ടെത്തി.

അതേസമയം, പദ്ധതി സംബന്ധിച്ചു ഒരു ഹരജി കേരളാ ഹൈകോടതിയുടെ പരിഗണനയിലുണ്ടെന്നും എന്നാല്‍, അതില്‍ സ്റ്റേ നടപടിയുണ്ടായിട്ടില്ലെന്നും സമിതി വിലയിരുത്തി. തുടര്‍ന്നാണ് മന്ത്രാലയം വയല്‍ നികത്താന്‍ അനുമതി നല്‍കിയത്. വ്യോമയാന മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും നേരത്തേ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.