സ്വന്തം ലേഖകന്‍: അസമും പശ്ചിമ ബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്, കനത്ത സുരക്ഷയില്‍ നിയമസഭാ തെരെഞ്ഞെടുപ്പ്. അസമിലെ 65 ഉം മണ്ഡലങ്ങളിലും ബംഗാളിലെ 18 മണ്ഡലങ്ങളിലുമാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അടക്കം ഒട്ടേറെ പ്രമുഖര്‍ ഇന്ന് ജനവിധിതേടും. ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 126 മണ്ഡലങ്ങളുള്ള അസമില്‍ രണ്ടുഘട്ടങ്ങളിലായാണു വോട്ടെടുപ്പ്. ഈ മാസം 11നു ബാക്കിയുള്ള 61 മണ്ഡലങ്ങളിലേക്കു വോട്ടെടുപ്പ് നടക്കും.
294 മണ്ഡലങ്ങളുള്ള ബംഗാളില്‍ ആറുഘട്ടമായാണു വോട്ടെടുപ്പ്. 56 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് 17 നു നടക്കും. ആകെ 539 സ്ഥാനാര്‍ഥികളാണ് ഇരു സംസ്ഥാനങ്ങളിലുമായി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
അസമിലെ 65 മണ്ഡലങ്ങളിലേക്കു മാത്രം 40,000 സുരക്ഷാ ഭടന്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്രമോഡി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്നു.
പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും സി.പി.എം, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ചേര്‍ന്നുള്ള മഹാസഖ്യവും തമ്മിലാണു പ്രധാനപോരാട്ടം. അതേസമയം ബി.ജെ.പിയും അസം ഗണപരിഷത്തും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടും ഉള്‍പ്പെടുന്ന സഖ്യവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയുമാണ് അസമില്‍ ബലാബലം പരീക്ഷിക്കുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല