സ്വന്തം ലേഖകന്‍: ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, തൂക്കുപാര്‍ലമെന്റിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഭരണകക്ഷിയായ ലിബറല്നാഷണല് സഖ്യം 150 അംഗ ജനസഭയില്‍ 72 സീറ്റുകളില്‍ മുന്നിലാണ്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 66 സീറ്റുകളിലും മുന്നിട്ടു നില്ക്കുന്നു. തൂക്കുപാര്ലമെന്റിനുള്ള സാധ്യതയാണ് മിക്കവാറും മാധ്യമങ്ങള്‍ പ്രവചിക്കുന്നത്.
മുന്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കു 90 സീറ്റുകള്‍ ലഭിച്ചിരുന്നു. ചെറിയ പാര്‍ട്ടികളും സ്വതന്ത്രരും അഞ്ച് സീറ്റുകളില്‍ മുന്നിലാണ്. സ്വതന്ത്രരുടെയോ ചെറുപാര്ട്ടികളുടെയോ സഹായത്തോടെ മാത്രമേ സര്‍ക്കാര്‍ രൂപീകരണം സാധ്യമാകൂ എന്നതാണ് അവസ്ഥ. ഭരണത്തുടര്‍ച്ച നഷ്ടമാകുന്നത് ഇപ്പോഴത്തെ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുളിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളെ പിന്നോട്ടടിക്കുമെന്നും ആശങ്കയുണ്ട്.
കമ്പനികളുടെ നികുതി കുറയ്ക്കുന്നതുള്‍പ്പെടെ പരിഷ്കാരങ്ങള്‍ ഉപരിസഭയായ സെനറ്റിലെ സ്വതന്ത്ര അംഗങ്ങള്‍ തടസപ്പെടുത്തിയതോടെ, കഴിഞ്ഞ മേയിലാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിച്ചുവിട്ടത്. വീണ്ടും അധികാരത്തിലെത്താമെന്നായിരുന്നു ടേണ്‍ബുളിന്റെ പ്രതീക്ഷ.
വോട്ടവകാശം നിര്‍ബന്ധമായും വിനിയോഗിക്കണമെന്നാണ് ഓസ്ട്രേലിയയിലെ ചട്ടം. ഏകദേശം ഒന്നരക്കോടിയിലധികം വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാനാവാകാശം വിനിയോഗിച്ചത്. അഞ്ച് ഇന്ത്യന്‍ വംശജരുള്‍പ്പെടെ 1600 ലേറെ സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരിച്ചത്. 150 അംഗ ജനസഭയില്‍ പ്രതിപക്ഷമായ ലേബറിന് 55 സീറ്റുകളും ഭരണസഖ്യത്തിനു 90 സീറ്റുകളുമാണുള്ളത്. അവശേഷിച്ച അഞ്ച് സീറ്റുകള്‍ സ്വതന്ത്രര്‍ക്കും ചെറുപാര്‍ട്ടികള്‍ക്കുമാണ്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല