1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2015

സ്വന്തം ലേഖകന്‍: കേരളത്തിലെ 300 ബാറുകള്‍ ഉടന്‍ പൂട്ടാനുള്ള കോടതി വിധി വന്നതോടെ കുടിയന്മാര്‍ കൂട്ടത്തോടെ കേന്ദ്രഭരണ പ്രദേശമായ മാഹിയിലേക്ക് ഒഴുകുന്നു. മദ്യത്തിന് വിലക്കില്ലാത്ത മാഹിയില്‍ വെറും 9 ചതുരശ്ര കിലോമീറ്ററിനകത്ത് 64 മദ്യഷാപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. വിലവ്യത്യാസം കാരണം മാഹി പണ്ടുമുതലേ മദ്യപാനികളുടെ പ്രിയപ്പെട്ട സങ്കേതമാണ്.

നേരത്തെ കേരളത്തില്‍ ബിവറേജസ് അവധി ദിവസമായ എല്ലാ ഒന്നാം തീയതിയും മാഹിയില്‍ നിയന്ത്രണാതീതമായ തിരക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടാന്‍ കേരള സര്‍ക്കാര്‍ ഉത്തരവിട്ടതോടെ മദ്യപാനികളുടെ മാഹിയിലേക്കുള്ള ഒഴുക്ക് എങ്ങനെ നിയന്ത്രിക്കണം എന്നറിയാതെ കുഴങ്ങുകയാണ് അധികൃതര്‍.

ഉത്തരവ് പ്രാബല്യത്തിലായ ബുധനാഴ്ച രാവിലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് മദ്യപരാണ് മാഹിയിലെ മദ്യഷാപ്പുകള്‍ തുറക്കുന്നതും കാത്ത് രാവിലെ തന്നെ കടകള്‍ക്കു മുന്നില്‍ തമ്പടിച്ചത്. എല്ലാ കടകളിലും കച്ചവടം പൊടിപൊടിക്കുകയും ചെയ്തു.

മദ്യത്തിന്റെ വിലക്കുറവു കാരണം മാഹിയിലേക്ക് യാത്ര ചെയ്യാന്‍ വേണ്ടി വരുന്ന സമയവും പണവും ഒരു നഷ്ടമല്ലെന്നാണ് മദ്യം വാങ്ങാനെത്തിയവരുടെ വാദം. ഒറ്റയടിക്ക് ബാറുകള്‍ നിര്‍ത്തലാക്കിയ കേരള സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കാനും മിക്കവരും തയ്യാറായി.

എന്നാല്‍ മദ്യപരുടെ മാഹിയിലേക്കുള്ള കൂട്ടത്തോടെയുള്ള ഒഴുക്ക് തദ്ദേശവാസികള്‍ക്ക് തലവേദയായിരുക്കുകയാണ്. ബാറുകള്‍ പൂട്ടാനുള്ള ഹൈക്കോടതി വിധി മലയാളികള്‍ക്ക് ആശ്വാസമാണെങ്കിലും തങ്ങള്‍ക്ക് അതൊരു പേടിസ്വപ്നമായി മാറുകയാണെന്ന് മാഹിയിലെ സാംസ്‌കാരിക സംഘടനയായ മയ്യഴിക്കൂട്ടത്തിന്റെ പ്രവര്‍ത്തകര്‍ പറയുന്നു. മാഹിയിലെ പോലീസ് സേനയാകട്ടെ ഇത്രയും മദ്യപാനികളെ കൈകാര്യം ചെയ്യാന്‍ അപര്യാപ്തമാണുതാനും.

മാഹി കൂടി ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഇല്ലാത്താതിനാല്‍ സമ്പൂര്‍ണ ബാര്‍ രഹിത ജില്ലയായി മാറി. കുടിച്ചു പൂസായി ചുറ്റിയടിക്കുകയും വഴിയില്‍ വീണുകിടക്കുകയും ചെയ്യുന്ന കുടിയന്മാര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭീഷണിയായിരിക്കുകയാണ്. മദ്യപാനികളെ കൊണ്ട് സഹികെട്ട മാഹിക്കാര്‍ ഈ അടുത്താണ് മനുഷ്യ ചങ്ങല നടത്തി പ്രതിഷേധിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.