1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2012

കാമുകനെയും സുഹൃത്തിനെയും കൊല്ലാന്‍ യുവതി നല്‍കിയത് 5 ലക്ഷത്തിന്‍റെ ക്വട്ടേഷന്‍. തലനാരിഴയ്ക്ക് കാമുകന്‍ രക്ഷപെട്ടപ്പോള്‍ കാമുകന്റെ സുഹൃത്തിനെ ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തി.സംഭവത്തില്‍ ബാംഗ്ലൂര്‍ മല്ലേശ്വരം എം.ഇ.എസ്. കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനിയും തമിഴ്‌നാട്ടിലെ വെല്ലൂര്‍ സ്വദേശിനിയുമായ സുഷമ (22) യും ബാല്യകാല സുഹൃത്ത് അജയ്കുമാറും പോലീസ് പിടിയിലായി. ബാംഗ്ലൂര്‍ ജാലഹള്ളി സ്വദേശി അലി ഹുസൈന്‍ (24) കൊല്ലപ്പെട്ട കേസ്സിലാണ് അറസ്റ്റ്. കഴിഞ്ഞ മെയ് 11- ന് ആയിരുന്നു സംഭവം. ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട കാമുകന്‍ പോലീസില്‍ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ജാലഹള്ളിയിലെ സ്വന്തം വീട്ടില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു സുഷമ താമസിച്ചിരുന്നത്. വെല്ലൂരിലെ ഭൂപ്രഭുവാണ് സുഷമയുടെ അച്ഛന്‍. പി.യു.സി. പരീക്ഷ ജയിച്ചതിന് സമ്മാനമായി സുഷമയ്ക്ക് അച്ഛന്‍ കാര്‍ നല്‍കിയിരുന്നു. പ്രദേശവാസിയായ മഞ്ജുനാഥിനെ ഡ്രൈവറായി നിയമിക്കുകയും ചെയ്തു. കുറച്ചു ദിവസത്തിനുശേഷം ഇരുവരും പ്രണയത്തിലായി. തുടര്‍ന്ന് കാറില്‍ ബാംഗ്ലൂരിന് പുറത്ത് പല സ്ഥലങ്ങളില്‍ കറങ്ങി നടക്കുകയും ഭാര്യാ ഭര്‍ത്താക്കന്മാരായി മൊബൈല്‍ ഫോണില്‍ നിരവധി ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. എന്നാല്‍ തമ്മില്‍ തെറ്റിയതിനെ തുടര്‍ന്ന് മഞ്ജുനാഥ് സുഷമയെ ഈ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങി.

സുഷമയെ നിരീക്ഷിക്കാന്‍ സുഹൃത്ത് അലിഹുസൈനെ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ബ്ലാക്ക്‌മെയില്‍ ശ്രമം വലിയ ശല്യമായതോടെ സുഷമ ബാല്യകാല സുഹൃത്ത് അജയ്കുമാറിന്റെ സഹായം തേടി. മഞ്ജുനാഥിനെയും അലിഹുസൈനെയും വധിക്കാന്‍ അജയ്കുമാറിന്റെ പരിചയത്തിലുള്ള സുപാരി സംഘത്തിനു അഞ്ചുലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കി. പദ്ധതിയനുസരിച്ച് മെയ് 11 നു രാത്രി ഒന്‍പതുമണിയോടെ സുഷമ ഇരുവരെയും ജാലഹള്ളി എച്ച്.എം.ടി. ഓഡിറ്റോറിയത്തിനു സമീപത്ത് തന്ത്രത്തില്‍ സ്വന്തം കാറില്‍ കയറ്റി. വഴിയില്‍നിന്ന് ക്വട്ടേഷന്‍ സംഘവും കാറില്‍ കയറി. അപകടം മണത്ത മഞ്ജുനാഥ് കാറിന്റെ വാതില്‍ തുറന്നു വെളിയില്‍ ചാടി രക്ഷപ്പെട്ടു. അലി ഹുസൈനെ ഔട്ടര്‍റിങ് റോഡില്‍ സുഷമയുടെ മുന്നിലിട്ട് കൊന്ന് ദൊഡ്ഡബല്ലാപ്പുരില്‍ മൃതദേഹം ഉപേക്ഷിച്ചു.

രക്ഷപ്പെട്ട മഞ്ജുനാഥ് പോലീസില്‍ ഇതു സംബന്ധിച്ചു നല്‍കിയ പരാതിയെ തുടര്‍ന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തി. വെല്ലൂരില്‍ മറ്റൊരു സുഹൃത്തിനൊപ്പം കഴിഞ്ഞുവന്ന സുഷമയെ രണ്ടുദിവസം മുന്‍പ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനു കൂട്ടുനിന്ന സുഷമയുടെ സുഹൃത്ത് അജയ്കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.