1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2017

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം ഏകീകൃത യൂറോപ്യന്‍ വിപണിയില്‍ നിന്ന് ബ്രിട്ടന്‍ പുറത്തു പോകുമെന്ന് തെരേസ മേയ്, ഭാഗിക അംഗത്വം നിലനിര്‍ത്തില്ല. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമമിട്ട് ലണ്ടനിലെ ലാന്‍സസ്റ്റര്‍ ഹൗസില്‍ നടന്ന ബ്രെക്‌സിറ്റ് പ്രഭാഷണത്തിനിടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

ഇരു വിഭാഗവും തമ്മിലുള്ള സുഗമമായ വ്യാപാര സാധ്യതകള്‍ ഉറപ്പുവരുത്തുന്ന പുതിയ ഉടമ്പടിയാണ് ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, ഇതിനര്‍ഥം ഏകീകൃത വിപണി എന്നല്ല. മാര്‍ച്ച് അവസാനത്തോടെ ബ്രെക്‌സിറ്റിനായുള്ള നടപടി തുടങ്ങും. അന്തിമ ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തുമെന്നും മെയ് പറഞ്ഞു.

ബ്രെക്‌സിറ്റിനായുള്ള 12 ഇന അജണ്ടകള്‍ മുന്നോട്ടുവെച്ച തെരേസ മെയ് ബ്രെക്‌സിറ്റിനു ശേഷം ഇയുവുമായി ബന്ധം തുടരുമെന്നും വ്യക്തമാക്കി. എന്നാല്‍, അത് പൂര്‍വസ്ഥിതിയില്‍ ആയിരിക്കില്ല. മറ്റു അംഗരാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായി അയര്‍ലന്‍ഡുമായി മാത്രം പൊതു സഞ്ചാരമേഖല സൃഷ്ടിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇ.യുവുമായി ഇന്റലിജന്‍സ്, പൊലീസ് ഇന്‍ഫര്‍മേഷന്‍ സംവിധാനങ്ങളിലെ സഹകരണം തുടരും.

ബ്രിട്ടനും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരത്തിന് വ്യവസ്ഥ ചെയ്യുന്നതാണ് ഏകീകൃത വിപണി. ഇതില്‍ നിന്നു പിന്മാറുന്നതോടെ മറ്റു യൂറോപ്യന്‍ വിപണികളുമായുള്ള വ്യാപാരത്തില്‍ ബ്രിട്ടീഷ് കമ്പനികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഒപ്പം, വിപണിയില്‍നിന്ന് പിന്മാറുന്നതോടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്റെ പ്രവര്‍ത്തനത്തിനായി നല്‍കിവന്നിരുന്ന വന്‍തുകക്കുള്ള സംഭാവനകള്‍ എല്ലാം നിര്‍ത്തലാക്കുകയും ചെയ്യും.

യൂറോപ്യന്‍ യൂണിയന്‍ വിടുക എന്നതിനര്‍ഥം യൂറോപ്പ് വിടുക എന്നല്ലെന്നും യൂറോപ്പിലെ നിര്‍ണായക ശക്തിയായി ബ്രിട്ടന്‍ തുടരുമെന്നും മെയ് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളുമായി തുല്യതാ രീതിയിലുള്ള പങ്കാളിത്തം തുടരും. ബ്രിട്ടനില്‍ കഴിയുന്ന ഇ.യു പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കും. എന്നാല്‍, ബ്രെക്‌സിറ്റ് നടപ്പാവുന്നതോടെ ഇ.യു രാജ്യങ്ങളില്‍നിന്ന് ബ്രിട്ടനിലേക്കുള്ള ആളുകളുടെ പോക്കുവരവുമളില്‍ സര്‍ക്കാര്‍ കണ്ണുണ്ടാകും.

മെയുടെ പ്രസംഗം വിപണിയില്‍ ഡോളറിനെതിരെ പൗണ്ടിന്റെ വില കുത്തനെ ഉയര്‍ത്തി. കഴിഞ്ഞ ജൂണിലാണ് ബ്രെക്‌സിറ്റിനായുള്ള ഹിതപരിശോധന നടന്നത്. ബ്രെക്‌സിറ്റ് നടപടികള്‍ക്ക് പാര്‍ലമെന്റിന്റെ അനുമതി വേണമെന്ന ഹര്‍ജി സുപ്രീംകോടതി ഈ മാസാവസാനം പരിഗണിക്കാനിരിക്കയാണ്. ബ്രിട്ടനും ഇയുവുമായുള്ള വേര്‍പിരിയല്‍ ഉടമ്പടി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുമെന്ന് മേയ് പ്രതീക്ഷ പ്രകടിപ്പിച്ചു.

എന്നാല്‍, ഉടമ്പടി പാര്‍ലമെന്റില്‍ പരാജയപ്പെട്ടാല്‍ എന്തുചെയ്യുമെന്ന് അവര്‍ വ്യക്തമാക്കിയില്ല. മാര്‍ച്ച് അവസാനത്തോടെയാണ് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കു തുടക്കമാകുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.