1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2021

സ്വന്തം ലേഖകൻ: ബ്രെക്സിറ്റ്, വടക്കൻ അയർലൻഡ് വിഷയത്തിൽ ബ്രിട്ടീഷ്-ഇയു നേതാക്കൾ തമ്മിൽ വാക്പോര് രൂക്ഷമാകുന്നു. ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കളിൽ നിന്ന് അൽപം കൂടി മര്യാദ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് തുറന്നടിച്ചു. കാരണം, മുതിർന്ന ഇയുനേതാക്കൾ യുകെയിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിലാണ് വടക്കൻ അയർലണ്ടിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതെന്നും റാബ് ആരോപിച്ചു.

നോർത്തേൺ അയർലൻഡ് പ്രോട്ടോക്കോൾ എന്നറിയപ്പെടുന്ന ബ്രെക്‌സിറ്റിനു ശേഷമുള്ള ക്രമീകരണങ്ങൾ നടപ്പാക്കുന്നതിൽ യുകെയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള കൂടുതൽ വഷളാകുന്നതായാണ് സൂചന. ഈ മാസം അവസാനം ചില അതിർത്തി പരിശോധനകൾക്കുള്ള “ഗ്രേസ് പിരീഡ്” അവസാനിക്കുന്നതിന് മുമ്പായി ഇരു പക്ഷങ്ങളും തമ്മിൽ അഭിപ്രായ സമന്വയം ഉണ്ടാക്കുനുള്ള ശ്രമങ്ങൾ തുടരുകയാണ്.

യുകെ ഒരൊറ്റ രാജ്യമാണെന്ന വസ്തുത ഇയു നേതാക്കളിൽ ചിലരുടെ തലയ്ക്കകത്ത് ഇനിയും കയറിയിട്ടില്ലെന്നാണ് ജി-7 ഉച്ചകോടിയ്ക്ക് മുമ്പായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പരിഹസിച്ചത്. ഇതോടെ ഈ വാരാന്ത്യത്തിൽ കോൺ‌വാളിലെ കാർബിസ് ബേയിൽ യുകെ ആതിഥേയത്വം വഹിക്കുന്ന ജി 7 ഉച്ചകോടിയ്ക്ക് മേൽ ഈ വാക്പോര് കരിനിഴൽ വീഴ്ത്തുമെന്ന ആശങ്കയും ശക്തമാണ്.

ശനിയാഴ്ച രാവിലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്കിടെ ഇയു നിലപാടുകളോടുള്ള അമർഷം ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ടൊലൗസിൽ നിന്നുള്ള സോസേജുകൾ പാരീസിലേക്ക് മാറ്റാൻ കഴിയുന്നില്ലെങ്കിൽ മാക്രോൺ എന്തുചെയ്യുമെന്നായിരുന്നു ജോൺസൻ്റെ കുറിക്കുകൊള്ളുന്ന ചോദ്യം. പാരീസും ടൊലൗസും ഒരേ രാജ്യത്തിന്റെ ഭാഗമായതിനാൽ താരതമ്യം ശരിയല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് വാദിച്ചു. എന്നാൽ ഇത് വടക്കൻ അയർലൻഡ് യുകെയുടെ ഭാഗമല്ലെന്ന് പറയുന്നതിന് തുല്യമാണെന്നാണ് നിരീക്ഷകർ കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.