വി.എസ്. അച്യുതാനന്ദന്‍ ഉയര്‍ത്തിയ നയപരമായ വിഷയങ്ങളില്‍ സി.പി.എം സംസ്ഥാന ഘടകത്തിലെ ചര്‍ച്ച പൂര്‍ത്തിയായതോടെ ഇനി നിര്‍ണായകം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും നടന്ന ചര്‍ച്ചകളില്‍ മുഴുവന്‍ പങ്കെടുത്ത കേന്ദ്ര നേതൃത്വത്തിലെ നിരീക്ഷകര്‍ മനസ്സ് തുറന്നിട്ടില്ല.
സംസ്ഥാന നേതൃത്വം തയാറാക്കിയ തിരക്കഥക്ക് അനുസൃതമായാണ് സെക്രട്ടേറിയറ്റില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായതെന്നത് ഔദ്യോഗികപക്ഷത്തിന് സന്തോഷം നല്‍കുന്നു. നേതൃയോഗം തുടങ്ങുംമുമ്പ് പൊതുസമൂഹത്തില്‍ നേതൃത്വത്തില്‍നിന്ന് വ്യത്യസ്ത സ്വരം പ്രകടിപ്പിച്ച തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ സെക്രട്ടേറിയറ്റില്‍ വി.എസിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.
വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്ന സ്വരം സെക്രട്ടേറിയറ്റില്‍ അവതരിപ്പിക്കുന്നതില്‍ സംസ്ഥാന നേതൃത്വം വിജയിച്ചു. ഭിന്നസ്വരം ഉയര്‍ന്നത് എം.സി. ജോസഫൈന്റേത് മാത്രമായിരുന്നു. വി.എസ് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞാല്‍ സംഘടനാതത്വം കുറേക്കൂടി ഉയര്‍ത്തിപ്പിടിക്കാമെന്ന് ഔദ്യാഗികപക്ഷം ചൂണ്ടിക്കാട്ടുന്നു. അതോടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ക്കും സന്ദര്‍ശനങ്ങള്‍ക്കും തടിയിടാമെന്നും നേതൃത്വം വിലയിരുത്തി. എന്നാല്‍ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സംസ്ഥാന സമിതിയില്‍ അരങ്ങേറിയത്. ആദ്യദിനം, വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കണമെന്നും അച്ചടക്ക നടപടി എടുക്കണമെന്നും കടുത്ത പിണറായി പക്ഷക്കാരായ മൂന്നുപേര്‍ ആവശ്യപ്പെട്ടെങ്കിലും വി.എസിന്റെ ഒഞ്ചിയം നിലപാടിനെ വിമര്‍ശിച്ച ഭൂരിഭാഗം പേരും അദ്ദേഹം ഒപ്പം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. രണ്ടാം ദിനത്തില്‍ തന്റെ നിലപാടുകള്‍ അദ്ദേഹം അവതരിപ്പിച്ചതോടെ ഔദ്യോഗിക പക്ഷക്കാര്‍ ഉള്‍പ്പെടെ ആരും വി.എസിനെതിരെ നടപടി ആവശ്യപ്പെട്ടില്ല. മാത്രമല്ല ഒഞ്ചിയം വിഷയം, ടി.പി വധം എന്നിവയില്‍ പിണറായി വിജയന്‍ അടക്കമുള്ള സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിക്കുകയായിരുന്നു.
സംസ്ഥാന സമിതിയിലുണ്ടായ ഈ മാറ്റം നേതൃത്വത്തിന് അപ്രതീക്ഷിതമായിരുന്നു. വി.എസ് പക്ഷക്കാരെ വിഭാഗീയത ആരോപിച്ച് ഒഴിവാക്കി സംസ്ഥാന സമിതി പിടിച്ചെടുത്ത ശേഷം സെക്രട്ടേറിയറ്റിന്റെ അഭിപ്രായത്തെ സമിതി മറികടന്ന പതിവുണ്ടായിട്ടില്ല. ഒരു ദശകമായി തുടരുന്ന പ്രവണതയില്‍നിന്നാണ് സംസ്ഥാന സമിതി മാറി പ്രതികരിച്ചത്. നിര്‍ണായക മാറ്റമായാണ് ഇതിനെ ഇരുപക്ഷവും വിലയിരുത്തുന്നത്. ആറോളം ജില്ലാ സെക്രട്ടറിമാരും 20 ഓളം അംഗങ്ങളും ഒഞ്ചിയം വിഷയത്തില്‍ പ്രതികരിച്ചത് നേതൃത്വത്തെ അമ്പരപ്പിച്ചിരുന്നു. കേന്ദ്ര നേതൃത്വവും മാറി ചിന്തിച്ചത് സംസ്ഥാന സമിതിയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍. നേതൃത്വത്തിന്റെ അഭിപ്രായം അപ്പാടെ വിഴുങ്ങാതെ സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം കേള്‍ക്കാന്‍ കേന്ദ്ര നേതൃത്വം തയാറായതിലെ മാറ്റം ഉള്‍ക്കൊണ്ടാണ് കഴിഞ്ഞദിവസം സംസ്ഥാന സമിതിയില്‍ വിമര്‍ശങ്ങള്‍ ഉയര്‍ന്നത്. ഇതാകട്ടെ സംസ്ഥാന സമിതിയിലെ ‘കണ്ണൂര്‍ ലോബി’മേധാവിത്തത്തിന് എതിരെയുള്ള പ്രതികരണവുമായി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല