സ്വന്തം ലേഖകന്‍: ചെന്നൈ പ്രളയം, ഏഴു ദിവസത്തെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവച്ച് മോഹന്‍ലാലിന്റെ ബ്ലോഗ്. പ്രളയ സമയത്ത് ഒരാഴ്ചയോളം ചെന്നൈയിലെ തന്റെ വീട്ടില്‍ കഴിച്ചുകൂട്ടിയ നിമിഷങ്ങളാണ് താരം ബ്ലോഗില്‍ കുറിച്ചത്. മലയാളികള്‍ തന്നെ സൂപ്പര്‍ സ്റ്റാറെന്ന് വിശേഷിപ്പിക്കുന്നു. അമാനുഷികമായ പല കാര്യങ്ങളും താന്‍ സിനിമയില്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരാഴ്ച ചുറ്റിലും ചൂഴ്ന്ന് നിന്ന വെള്ളത്തിന് നടുവില്‍ ഒന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോഴാണ് താന്‍ എത്രമേല്‍ നിസാരനാണെന്ന് മനസിലായതെന്നും ബ്ലോഗില്‍ ലാല്‍ പറയുന്നു.
വെള്ളപ്പൊക്കത്തിന്റെ ദുരിതത്തില്‍ പെട്ടുപോയപ്പോള്‍ ആളുകളിലെ മനുഷ്യത്വം പുറത്തുവന്നത് കണ്ടു. സമൂഹത്തില്‍ സാമ്പത്തികമായും സാമൂഹികമായും വ്യത്യസ്ത തലത്തിലുള്ള മനുഷ്യര്‍ ഒരിമിക്കുന്ന കാഴ്ച കണ്ട് സന്തോഷിച്ചു. തന്റെ പ്രിയ നഗരമായ ചെന്നൈയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ദു:ഖം രേഖപ്പെടുത്തിയ ലാല്‍ ‘ഒരു മഴത്തുള്ളിയുടെ ശക്തി പോലും മനുഷ്യനില്ല’ എന്ന പാഠമാണ് പ്രളയം നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ചെന്നൈയിലെ പ്രളയക്കാഴ്ച കണ്ട് ഹൈദരാബാദിലെത്തിയ താന്‍ രാത്രി കൊച്ചിയിലും തിരുവനന്തപുരത്തും നിര്‍ത്താതെ മഴ പെയ്യുന്നത് സ്വപ്നം കണ്ടെന്നും പറഞ്ഞാണ് മോഹന്‍ലാല്‍ ബ്ലോഗ് അവസാനിപ്പിക്കുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല