1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2020

സ്വന്തം ലേഖകൻ: കേരളത്തിൽ ഇന്ന് പത്ത് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ ജില്ലയിൽ ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർഗോഡ് രണ്ട് പേർക്കും കോഴിക്കോട് ഒരാൾക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ വിദേശത്തു നിന്ന് എത്തിയവരാണ്. ഏഴ് പേർക്ക് സമ്പർക്കംമൂലം രോഗം ബാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 19 പേർ രോഗമുക്തരായി. 19 പേരുടെ ഫലം നെഗറ്റീവ് ആയ വിവരം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 373 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള 228 പേർ. സംസ്ഥാനത്ത് 1,23,490 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇതിൽ 816 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇന്നുമാത്രം 201 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 14,163 സാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചു. അതിൽ 12,818 ഫലങ്ങളും നെഗറ്റീവ് ആണ്. സംസ്ഥാനത്ത് ഘട്ടംഘട്ടമായി മാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കാവൂ എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജനങ്ങൾ നിയന്ത്രണങ്ങളെ നിസാരമായി കാണരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ പടിപടിയായി മാത്രമേ നീക്കൂ. നിർദേശങ്ങൾ പാലിക്കുകയും നിയന്ത്രണങ്ങളോട് സഹകരിക്കുകയും വേണം. അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കും. വിദേശത്തുള്ള മലയാളികൾക്കായി ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തെ കൊവിഡ് സാഹചര്യം നേരിടാൻ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും കേരളം അനുസരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ ധാരണ, പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി ഇളവ് വരുത്തിയാൽ മതിയെന്ന നിലപാടാണ് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിൽ കേരളം എടുത്തത്.

“കേളത്തിൽ 3.85 ലക്ഷം അതിഥി തൊഴിലാളികളുണ്ട്. അവരെല്ലാം നാട്ടിലേക്ക് മടങ്ങാൻ ആ​ഗ്രഹിക്കുന്നു. അവ‍ർക്ക് സ്വദേശത്ത് മടങ്ങാൻ ഏപ്രിൽ 14-ന് ശേഷം അവസരമൊരുക്കണം. ഇതിനായി പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിൻ സജ്ജമാക്കാണം. സ്ഥിരവരുമാനമില്ലാത്ത ഇവർക്ക് അവരുടെ അക്കൗണ്ടിലേക്ക് അടുത്ത മൂന്ന് മാസത്തേക്ക് ഡയറക്ട ബെനിഫിക്ട് സ്കീം പ്രകാരം ധനസഹായം നൽകണം,” മുഖ്യമന്ത്രി അറിയിച്ചു.

“പ്രവാസികളുടെ വിഷയവും പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ കേരളം ഉന്നയിച്ചു. സാധ്യമായ എല്ലാ സഹായവും പിന്തുണയും നൽകാൻ ബന്ധപ്പെട്ട എംബസികൾക്ക് നിർദേശം നൽകണം. ലേബർ ക്യാംപിൽ പ്രത്യേക ശ്രദ്ധ വേണം. രോ​ഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെപ്പറ്റിയും കൃത്യമായ ഇടവേളകളിൽ എംബസി ബുള്ളറ്റിൻ ഇറക്കണം. തെറ്റായ വിവരം പ്രചരിക്കുന്നതു മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇതു സഹായിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.