സിപിഎം സംസ്ഥാന സമിതി യോഗം ഞായറാഴ്ച ചേരും. അച്ചടക്ക നടപടികള്‍ എടുക്കുക, എറണാകുളം ജില്ലാ കമ്മറ്റിയിലെ സംഘടനാ പ്രശ്നം, ഒളിക്യാമറ വിവാദം, ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി എംഎം മണിയുടെ വിവാദ വെളിപ്പെടുത്തലുകള്‍ തുടങ്ങി, ഈ അടുത്ത കാലത്ത് പാര്‍ട്ടിയെ പിടിച്ചു കുലുക്കിയ എല്ലാ പ്രശ്നങ്ങളും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഒളിക്യാമറ വിവാദത്തില്‍ പെട്ട പാര്‍ട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്ത്താന്‍ നേരത്തെ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്ര, സംസ്ഥാന കമ്മറ്റിയംഗങ്ങള്‍ക്കെതിരെ ആരോപണങ്ങളുമായി ഗോപി പരസ്യമായി രംഗത്തു വന്നിരുന്നു.
ഇതോടെ ഗോപിയുടെ മേല്‍ കൂടുതല്‍ കടുത്ത നടപടിക്കുള്ള സാധ്യത തെളിഞ്ഞു വന്നിരിക്കുകയാണ്. ഗോപിയ്ക്കു പുറമെ, ഗോപിയെ ക്യാമറയില്‍ കുടുക്കിയ എറണാകുളം ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.
അതുപോലെ വാര്‍ത്താ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിഎസ് അച്യുതാനന്ദന്റെ സ്റ്റാഫായ വികെ ശശിധരന്, കെ ബാലകൃഷ്ണന്, എ സുരേഷ് എന്നിവര്‍ക്കെതിരെ എടുക്കേണ്ട നടപടിയും യോഗത്തില്‍ ചര്‍ച്ച ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതുപോലെ വിവാദ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്ത എംഎം മണിക്കെതിരെ കൂടുതല്‍ നടപടിക്കും സാധ്യതയുണ്ട്. അദ്ദേഹം ഇപ്പോഴും സംസ്ഥാന കമ്മറ്റി അംഗമാണ്. അദ്ദേഹത്തെ തരംതാഴ്ത്താനാണ് സാധ്യത.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല