വി എസ് അച്യുതാനന്ദനെതിരായ അച്ചടക്ക നടപടിക്കാര്യത്തില്‍ സി പി ഐ(എം) നേതൃയോഗങ്ങള്‍ ഇന്ന് തീരുമാനമെടുക്കും. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളും പി കരുണാകരനും ഇന്ന് കേന്ദ്രകമ്മിറ്റിയില്‍ സംസാരിക്കും. കേന്ദ്രകമ്മിറ്റിയിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കും വിഎസ്സിനെതിരെ നടപടി വേണോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.
അതേസമയം വി എസ് അച്യുതാനന്ദന്‍ പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച്ച നടത്തുകയാണ്. കാരാട്ടിന്റെ ആവശ്യപ്രകാരം ദില്ലിയിലെ എകെജി ഭവനില്‍ വെച്ചാണ് കൂടിക്കാഴ്ച്ച നടക്കുന്നത്.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ വി എസ്സിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടി വേണമെന്ന് കേരളത്തില്‍നിന്നുള്ള ഭൂരിപക്ഷം കേന്ദ്രകമ്മിറ്റിയംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാന നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച വി എസ്സിനെതിരെ നടപടിയെടുക്കാതെ ഇനി മുന്നോട്ടുപോവാനാവില്ല. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നുവരെ ആവശ്യമുയര്‍ന്നു.
എന്നാല്‍ സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒത്തുതീര്‍പ്പിന്റെ പാത തേടണമെന്നായിരുന്നു കേരളത്തിന് പുറത്തുനിന്നുള്ള നേതാക്കളുടെ ആവശ്യം. കേരളത്തിലെ സംഘടനാവിഷയങ്ങളില്‍ ഏകപക്ഷീയമായ നടപടി പാടില്ല. സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി ആഞ്ഞടിച്ച വി എസ്സിന്റെ നടപടി അച്ചടക്കലംഘനം തന്നെയാണ്. എന്നാല്‍, ടി പി ചന്ദ്രശേഖരന്‍വധത്തില്‍ കേരളത്തിലെ പാര്‍ട്ടിനേതാക്കള്‍ അറസ്റ്റിലായതില്‍ കേന്ദ്രക്കമ്മിറ്റിയംഗങ്ങള്‍ അമര്‍ഷം അറിയിച്ചു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാണ് പ്രത്യയശാസ്ത്ര അച്ചടക്കം ലംഘിച്ചതെന്ന് കഴിഞ്ഞ ദിവസം വി എസ് കേന്ദ്രകമ്മിറ്റിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. വലതുപക്ഷവല്‍ക്കരണമാണ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. എതിര്‍ക്കുന്നവരെ നിശബ്ദരാക്കുകയും തരംതാഴ്ത്തുകയും പുറത്താക്കുകയും ചെയ്യുകയാണ്. പുറത്താക്കിയിട്ടും നിശബ്ദരാകാത്തവരെ ഇല്ലാതാക്കുന്നു.
ടി പി വധം ഒറ്റപ്പെട്ട സംഭവമല്ല. ടി പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ട്. ഒരു ഡസനോളം നേതാക്കള്‍ക്ക് പങ്കുണ്ട്. ഇവരെ പുറത്താക്കണം. ഇല്ലെങ്കില്‍ തന്നെ കൂടെ പ്രതീക്ഷിക്കേണ്ടെന്നും വിഎസ് വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി നേതൃത്വം സമ്പന്നരുടെ ആശ്രിതരായി മാറിയെന്ന് വി എസ് വിമര്‍ശിച്ചു. 3 പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ മക്കള്‍ക്കെതിരെയും ആരോപണം ഉന്നയിച്ചു. ഇവര്‍ ഒരേ വ്യവസായിയുടെ കീഴില്‍ ജോലി ചെയ്യുന്നതെങ്ങനെയാണ്? ഫാരിസ് അബൂബക്കര്‍ പാര്‍ട്ടിയുടെ ബന്ധുവായതെങ്ങനെയെന്നും വി എസ് കേന്ദ്രകമ്മിറ്റിയില്‍ ചോദിച്ചിരുന്നു.
എന്നാല്‍ മുതിര്‍ന്ന നേതാവെന്ന പരിഗണന വിഎസ്സിന് നല്‍കിയിട്ടുണ്ടെന്നാണ് പിണറായി വിജയന്‍ യോഗത്തില്‍ വിശദീകരിച്ചത്. തെറ്റ് തിരുത്താന്‍ വി എസ്സിന് നിരവധി അവസരങ്ങള്‍ നല്‍കി. പാര്‍ട്ടി പ്രതിസന്ധിയിലായപ്പോഴൊന്നും വി എസ് കൂടെ നിന്നില്ലെന്നും പിണറായി വിമര്‍ശിച്ചു.
അതേസമയം, കേരള ഘടകത്തിലെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് ഒരു തരത്തിലുള്ള വ്യക്തതയുമില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. വിഎസിന്റെ പ്രസ്താവനകള്‍ അച്ചടക്കത്തിന്റെ പരിധി ലംഘിക്കുന്നതാണെങ്കിലും ഇക്കാര്യത്തില്‍ പിണറായിയും കുറ്റക്കാരനാണെന്ന നിലപാടാണ് പല കേന്ദ്ര നേതാക്കള്‍ക്കുമുള്ളത്.
ടി.പി.ചന്ദ്രശേഖരനെ വിഎസ് ധീരനായ കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ചത് ടിപി കുലംകുത്തിയാണെന്ന പിണറായിയുടെ അധിക്ഷേപത്തിന് മറുപടിയായാണ്. വിഎസിനെതിരെ നടപടിയെടുത്തുകൊണ്ടുമാത്രം തീരുന്ന പ്രശ്നമല്ല കേരളഘടകത്തില്‍ നിലനില്‍ക്കുന്നതെന്ന പൊതുവികാരം പല നേതാക്കളും പങ്കുവെക്കുന്നുണ്ട്. വിഎസിനെതിരെ കടുത്ത നടപടികളെടുത്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല