1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2015

സ്വന്തം ലേഖകന്‍: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപവും പതിനെട്ടു ലക്ഷം തൊഴിലവസരങ്ങളും വാഗ്ദാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷ ചടങ്ങിലാണ് വ്യവസായ പ്രമുഖര്‍ രാജ്യത്തെ ഐടി മേഖലയില്‍ വന്‍ നിക്ഷേപവും തൊഴില്‍ അവസരങ്ങളും വാഗ്ദാനം ചെയ്തത്.

രാജ്യത്തെ ഇറക്കുമതി കുറയ്ക്കാന്‍ ഐടി ഉല്‍പന്നങ്ങളുടെ ആഭ്യന്തര ഉല്‍പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കുകയാണു ലക്ഷ്യമെന്നു പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിനു സൈബര്‍ സുരക്ഷ നല്‍കുകയെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ യുവജനങ്ങള്‍ മുന്നോട്ടു വരണമെന്നു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. രക്തരഹിത സൈബര്‍യുദ്ധഭീഷണിയുടെ നിഴലിലാണു ലോകം.

മികച്ച സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയണം. സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്കു കഴിയാവുന്ന സഹായങ്ങളെല്ലാം നല്‍കുമെന്നു മോദി ഉറപ്പു നല്‍കി. മെയ്ക്ക് ഇന്‍ ഇന്ത്യപോലെ, ഡിസൈന്‍ ഇന്‍ ഇന്ത്യയും സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കുമെല്ലാം ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ പ്രാപ്യമാക്കുകയാണു ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ ഒരുമിപ്പിക്കുന്ന അതിവേഗ ഡിജിറ്റല്‍ ഹൈവേകളാണു തന്റെ സ്വപ്‌നമെന്നു മോദി പറഞ്ഞു. ഇ–ഗവേണന്‍സില്‍നിന്ന് എം–ഗവേണന്‍സിലേക്കു രാജ്യം മുന്നേറണം.

എം–ഗവേണന്‍സ് എന്നാല്‍ മോദി ഗവേണന്‍സ് അല്ല, മൊബൈല്‍ ഗവേണന്‍സ് ആണെന്നു പ്രധാനമന്ത്രി നര്‍മം ചേര്‍ത്തു. സര്‍ക്കാരിന്റെ സേവനങ്ങള്‍ ജനങ്ങള്‍ക്കു മൊബൈല്‍ ഫോണില്‍ പ്രാപ്യമാകുന്ന കാലം വിദൂരമല്ലെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.