സ്വന്തം ലേഖകന്‍: ഈജിപ്തിലെ തൂത്തങ്ഖാമന്റെ പിരമിഡില്‍ രഹസ്യ അറയും അറയില്‍ അമൂല്യ രത്നങ്ങളും ഉണ്ടാകാമെന്ന് ഗവേഷകര്‍. രഹസ്യമായി നിര്‍മ്മിച്ച ഒരു അറ ശവകുടീരത്തില്‍ ഉണ്ടെന്ന് 90 ശതമാനവും വിശ്വസിയ്ക്കുന്നതായി ഈജിപ്ത് പുരാവസ്തു വിഭാഗം ഗവേഷകരാണ് വാര്‍ത്ത പുറത്തുവിട്ടത്.
തൂത്തന്‍ഖാമന്റെ ശവകുടീരത്തിലെ രഹസ്യ അറ രാജകുമാരന്റെ അമ്മ നെഫേര്‍തിതി രാഞ്ജിയുടേതാണെന്നാണ് ഗവേഷകരുടെ നിഗമനം. പുരാവസ്തു ഗവേഷകനായ നിക്കോളാസ് റീവ്സാണ് ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിയത്. നെഫേര്‍തിതി രാഞ്ജിയുടെ ശവകുടീരം കണ്ടെത്തിയിട്ടില്ല.
1922 ല്‍ കണ്ടെത്തിയതു മുതല്‍ നിഗൂഡതകളുടെ കലവറയാണ് തൂത്തന്‍ഖാമന്റെ ശവകുടീരം. മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പത്തൊമ്പതാം വയസിലാണ് തൂത്തന്‍ഖാമന്‍ മരിക്കുന്നത്. അമൂല്യമായ നിധിശേഖരങ്ങള്‍ക്കും നിര്‍ബന്ധിതമായി അടക്കപ്പെട്ട ഭടന്മാര്‍ക്കുമൊപ്പം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മിയായാണ് തൂത്തന്‍ഖാമനെ കണ്ടെത്തുന്നത്.
തൂത്തന്‍ഖാമന്റെ ശവകുടീരത്തില്‍ രഹസ്യ അറയുണ്ടെന്ന് അന്നു മുതല്‍ തന്നെ ഒരു വാദമുണ്ടായിരുന്നു. സെപ്റ്റംബറില്‍ ശവകുടീരത്തില്‍ ഇന്‍ഫ്രാറെഡ് സ്കാന്‍ നടത്തിയിരുന്നു. കൂടുതല്‍ പഠനങ്ങള്‍ക്കായി സ്കാനിംഗ് വിവരങ്ങള്‍ ജപ്പാനിലേയ്ക്ക് അയച്ചിരിക്കുകയാണ്.
തൂത്തന്‍ഖാമന്റെ മരണത്തിന് പിന്നിലുള്ള നിഗൂഡതയും ബാക്കിയാണ്. അപകടത്തില്‍ പരിക്കു പറ്റി അതില്‍ അണുബാധയുണ്ടായി മരിച്ചതാണെന്നും മലേറിയ ബാധിച്ച് മരിച്ചതാണെന്നും രണ്ടു പക്ഷമുണ്ട്. ശവകൂടീരങ്ങളില്‍ ഫറോവമാരെ അടക്കുന്നതൊടൊപ്പം അമൂല്യമായ നിധി ശേഖരങ്ങളും നിക്ഷേപിയ്ക്കുന്നത് അന്നത്തെ ഈജിപ്ത് രാജവംശമായ ഫറവോമാരുടെ രീതിയായിരുന്നു.
അതുകൊണ്ടു തന്നെ കള്ളന്മാരുടെ വിഹാര കേന്ദ്രങ്ങളായിരുന്നു ഇത്തരം പിരമിഡുകള്‍. കള്ളന്മാരെ ശല്യം കാരണം ശവകൂടീരം തുറന്നാല്‍ ഫറോവയുടെ കോപത്തിന് ഇരയാകുമെന്നും ദുര്‍മരണം സംഭവിക്കുമെന്നും കഥകള്‍ പ്രചരിപ്പിച്ചിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല