1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2012

മലയാളിപ്പെണ്ണിന് ഇംഗ്ലീഷ് ചെക്കന്‍ മണവാളനായെത്തിയ ചടങ്ങ് രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനും തുടക്കമിട്ടു. തൊടുപുഴയില്‍ കഴിഞ്ഞദിവസം നടന്ന ഇംഗ്ലീഷ്-മലയാളം കല്യാണത്തിന്റെ ബാക്കിപത്രമായി നിരവധി കൗതുകങ്ങളാണ് ഈ കുഗ്രാമത്തില്‍ ദിനംപ്രതി അരങ്ങേറുന്നത്. ജീന്‍സും മുറിക്കയ്യന്‍ ടീഷര്‍ട്ടുമിട്ട് സായിപ്പാകാന്‍ ഇവിടെ നിരവധിപേര്‍ ശ്രമിക്കുമ്പോഴാണ് ഒരു സംഘം സായിപ്പുമാരുടെ വക റിവേഴ്‌സ്ഗിയര്‍. തൊടുപുഴ വെങ്ങല്ലൂര്‍ മണപ്പാട്ട് സംഗീത ചന്ദ്രന്റെ വിവാഹത്തിനെത്തിയ വരന്റെ കൂട്ടുകാരും ബന്ധുക്കളും തനി നാടന്‍ വേഷത്തില്‍ തൊടുപുഴയില്‍ ചുറ്റിക്കറങ്ങുകയാണ്.

ഇംഗ്ലണ്ടിലെ വെയില്‍സുകാരനായ ജയിംസ് മൈക്കല്‍ ഗാലഗറാണ് സംഗീതയെ മിന്നുകെട്ടിയത്. സ്‌കോട്‌ലന്‍ഡില്‍ ഉപരിപഠനവും ജോലിയുമായി കഴിയുന്ന സംഗീത അവിടെ പിജി വിദ്യാര്‍ഥിയായിരുന്ന ജയിംസിനെ വരനായി കണ്ടെത്തുകയായിരുന്നു. അമ്മ നിക്കോള, അച്ഛന്‍ പോള്‍, സഹോദരന്‍ ജോസഫ് എന്നിവരും നിക്കോളയുടെ അനിയത്തിയും ഭര്‍ത്താവുമടങ്ങുന്ന പാര്‍ട്ടിയില്‍ വധൂവരന്മാരുടെ ഇരുപതിലധികം കൂട്ടുകാരുമുണ്ടായിരുന്നു. കല്യാണം നടന്ന തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വധൂവരന്‍മാരെക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് മലയാളി വേഷത്തിലെത്തിയ സായിപ്പുമാരായിരുന്നു.

പട്ടുസാരി ചുറ്റി മലയാളികളായി മാറിയ മദാമ്മമാരും സംഘത്തിലുണ്ടായിരുന്നു. വിവാഹത്തിന് ഏതാനും ദിവസം മുന്‍പ് തൊടുപുഴയിലെത്തിയ വരന്‍ ജയിംസിന്റെ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും തൊടുപുഴയിലുള്ള റിസോര്‍ട്ടില്‍ താമസിച്ച് നഗരത്തിലെ കടകളില്‍ നിന്നു സാരിയും മുണ്ടും ഷര്‍ട്ടുമെല്ലാം വാങ്ങിയാണു വിവാഹച്ചടങ്ങിനെത്തിയത്. ഇതിനായി ഇവര്‍ ബ്ലൗസ് തൊടുപുഴയില്‍ തന്നെ തയ്പിക്കുകയായിരുന്നു. ഉടുത്തൊരുങ്ങാന്‍ നല്ല പ്രാക്ടീസ് ചെയ്യാനും മറന്നില്ല. മണപ്പാട്ട് ചന്ദ്രഭാനു, ഇന്ദിരാദേവി ദമ്പതികളുടെ മകളാണു വെറ്ററിനറി ഡോക്ടറായ സംഗീത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.