സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സൗജന്യമായി നല്കുന്ന ജനറിക് മരുന്നുകളുടെ പട്ടിക ആരോഗ്യവകുപ്പ് പുറത്തിറക്കി. ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നു പട്ടികയിലുള്ളതുള്പ്പെടെ 604 ഇനം മരുന്നുകളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തലവേദനയ്ക്കും പനിക്കുമുള്ള മരുന്നുമുതല്‍ അര്‍ബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകള്‍വരെ ജനറിക് മരുന്നുകളുടെ പട്ടികയിലിടം പിടിച്ചിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ജനറിക് മരുന്ന് പട്ടിക വിപുലീകരിക്കാന്‍ പരിപാടിയുണ്ട്.
ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍, ആന്റി വൈറല്‍ മരുന്നുകളാണ് ജനറിക് വിഭാഗത്തിന്റെ പട്ടികയില്‍ കൂടുതലുള്ളത്. അപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവര്‍ക്കുള്ള മരുന്നുകളും വിദഗ്ധ ഡോക്ടര്‍മാരുടെ ശിപാര്‍ശയനുസരിച്ച് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബാക്ടീരിയയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവിധതരം രോഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന 70 ഇനം മരുന്ന് പട്ടികയിലുണ്ട്. ഹോര്‍മോണ്‍ ചികിത്സയുമായി ബന്ധപ്പെട്ടുള്ള 40 ഇനം മരുന്നുകളുമുണ്ട്. അനസ്തെറ്റിക് വിഭാഗത്തില്‍ 32 ഇനവും മറ്റു വിഭാഗങ്ങളിലായി 400 ല്‍പരം മരുന്നുകളുമാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തളര്‍ന്ന് കിടപ്പിലായവര്‍ക്കുള്ള എല്ലാവിധ മരുന്നുകളും ജനറിക് പട്ടികയിലുണ്ടാകും.
പ്രത്യേക ബ്രാന്‍ഡ് നാമമില്ലാതെ രാസനാമങ്ങളുടെ പേരിലാണ് ജനറിക് മരുന്നുകള്‍ അറിയപ്പെടുന്നത്. കുറഞ്ഞവിലയ്ക്ക് ഈ മരുന്നുകള്‍ ലഭിക്കും. വന്‍കിട മരുന്നുകമ്പനികളുടെ ചൂഷണത്തില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ കൂടിയാണ് ജനറിക് മരുന്നുകള്‍ സൗജന്യമായി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. നവംബര്മാസംമുതല് സൗജന്യമായി മരുന്നുകള്‍ വിതരണംചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനു മുന്നോടിയായിട്ടാണ് ജനറിക് മരുന്നകളുടെ എണ്ണം കൂട്ടാനായി ആരോഗ്യ വകുപ്പ് പട്ടിക പുറത്തുവിട്ടിട്ടുള്ളത്.
സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജിലുമായി ചികിത്സ തേടിയ രോഗികളുടെ വിവരമനുസരിച്ച് പുതുതായി ഏതെങ്കിലും മരുന്നുകള്‍ ഉള്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കുന്നതിനാണ് പട്ടിക പ്രസിദ്ധപ്പെടുത്തി നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനാണ് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. സൗജന്യമായി ജനറിക് മരുന്നുകള്‍ നല്‍കുന്നതിന് സര്‍ക്കാറിനുണ്ടാകുന്ന ബാധ്യത തീര്‍ക്കാന്‍ ബിവറേജസ് കോര്‍പറേഷനിലൂടെ വില്‍ക്കുന്ന മദ്യത്തിന് ഒരുശതമാനം സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല