1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2012

മുടി കത്തിച്ചാല്‍ കത്തുമോ? കത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നാണ് പിണറായി സഖാവിന്റെ കണ്ടുപിടുത്തം. കത്തിച്ചാല്‍ ഉറപ്പായും കത്തും എന്നു മറുപടി പറയാന്‍ പിണറായിക്കു രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടതില്ല. ഈ പ്രപഞ്ച സത്യം പക്ഷേ അപ്പാടെ വിഴുങ്ങാന്‍ പ്രമുഖ ഇസ്ലാം പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കഴിയില്ല. മുടിയൊക്കെ കത്തുമായിരിക്കും. പക്ഷേ തന്റെ കയ്യിലിരിയ്ക്കുന്ന തിരുകേശം കത്തില്ലെന്ന കാര്യത്തില്‍ അദ്ദേഹത്തിന് ലവലേശം സംശയവുമില്ല. ഇതുകേട്ട് കത്തിച്ചു നോക്കണമെന്നൊരു പൂതി ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ കാന്തപുരത്തേക്ക് വരേണ്ടെന്നും മുസ്ലീയാര്‍ പറയുന്നു. അങ്ങനെ വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത കേരളത്തില്‍ മുടി വിവാദം കത്തിപ്പിടിയ്ക്കുമെന്ന് തന്നെ ഉറപ്പായി.

കോഴിക്കോട്ടെ ഓഞ്ചിയത്തെ സഖാക്കന്മാരുടെ മുന്നിലാണ് മുടി വിവാദത്തിന് പിണറായി തിരികൊളുത്തിയത്. അവിടെ തുടങ്ങി മുടി കത്തുന്ന മണം കേരള രാഷ്ട്രീയത്തില്‍ വ്യാപിക്കാന്‍. സിപിഎം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി സംഘടിപ്പിച്ച ഭവാഗ്ഭടാനന്ദ ഗുരുദേവനും കേരളീയ നവോത്ഥാനവും എന്ന സെമിനാറിനിടെയാണ് സഖാവിന്റെ വിവാദ പരാമര്‍ശമുണ്ടായത്. വിവാദം എവിടെയെന്ന് ഭൂതക്കണ്ണാടിയും വച്ച് നോക്കിനടക്കുന്ന ചാനലുകള്‍ ലൈവായി സംഭവം പറത്തിവിട്ടതോടെ കാര്യങ്ങള്‍ തകൃതിയായി. പിന്നെ പറയണ്ടല്ലല്ലോ കത്തി പടര്‍ന്നു ചാനലുകളില്‍ വാര്‍ത്തകള്‍.

പിണറായിക്കും കാന്തപുരത്തിനും ഇടയില്‍ വെറുമൊരു വാര്‍ത്തയും വാചകമടിയുമായി കറങ്ങിക്കളിക്കേണ്ടതാണോ പ്രവാചകന്റെ മുടി എന്നാണ്‌ വിശ്വാസികളുടെയും അല്ലാത്തവരുടെയും പ്രധാന ചോദ്യം. കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായേക്കാവുന്ന പിറവം ഉപതിരഞ്ഞെടുപ്പിനു മുമ്പുള്ള മുടി രാഷ്ട്രീയത്തില്‍ പിണറായിയ്ക്കും പാര്‍ട്ടിയ്ക്കും അവരുടേതായ ലക്ഷ്യങ്ങളുണ്ടാവും. തിരുകേശത്തിന്റെ പേരില്‍ രാജ്യത്തെ ഏറ്റവും പള്ളി കോഴിക്കോട്ട് പണിയാനുള്ള കാശ് പിരിയ്ക്കാന്‍ ഓടിനടക്കുന്ന കാന്തപുരത്തിനും തിരുകേശ വിവാദത്തില്‍ താത്പര്യങ്ങളുണ്ടാവും.

പിണറായിക്ക്‌ പിറവം കടക്കാന്‍ പല പാലങ്ങളിലൊന്ന്‌, കാന്തപുരത്തിന്‌ കാശു പിരിക്കാന്‍ പല വഴികളിലൊന്ന്‌ എന്ന മട്ടിലാണല്ലോ കാര്യങ്ങളുടെ പോക്ക്‌. അല്ല അങ്ങനെ തന്നെയല്ലേ? എന്നും സ്വന്തം കാര്യം സിന്താബാദ്‌! ഏറെ അതിശയപ്പെടുത്തുന്നത് വിശ്വാസികള്‍ക്ക്‌ വെച്ചാരാധിക്കാന്‍ ഒരു ചിത്രം പോലുമില്ലാത്ത മുഹമ്മദ്‌ നബിയുടേതെന്നപേരില്‍ 1400 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുപിടി തലമുടി എന്നതാണ്. അതിന്റെ പേരിലൊരു വിവാദം. കാര്യങ്ങള്‍ പിടിവിട്ടാല്‍ പിന്നെ പിണറായിക്കും കാന്തപുരത്തിനും പിടിച്ചു നിര്‍ത്താന്‍ കഴിയുമോ എന്നു കണ്ടുതന്നെ അറിയണം.

ദൈവം മാത്രമാണ് ആരാധിയ്ക്കപ്പെടേണ്ടവനെന്ന് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ച മഹദ് വ്യക്തിയായിരുന്നു മുഹമ്മദ് നബി. പ്രവാചകനെ സ്‌നേഹിയ്ക്കുകയും അദ്ദേഹത്തിന്റെ വചനങ്ങളുടെ മഹത്വം തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ജീവിയ്ക്കുന്നവരുമാണ് യഥാര്‍ത്ഥ ഇസ്ലാം മതവിശ്വാസികള്‍. അതിനിടെയാണ് ഇവിടുത്തെ വിശ്വാസികളെ രണ്ട് ചേരിയിലാക്കിക്കൊണ്ട് തിരുകേശം രംഗപ്രവേശം ചെയ്തത്. തിരുകേശം സംബന്ധിച്ചുള്ള വിവാദങ്ങള്‍ കേരളത്തില്‍ മാത്രമല്ല, പ്രവാസികള്‍ കൂട്ടത്തോടെ ജീവിയ്ക്കുന്ന ഗള്‍ഫിലും സൗദിയിലുമൊക്കെ ഉയര്‍ന്നിരുന്നു.

പ്രമുഖ ഇസ്ലാം പണ്ഡിതനായ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് സൗദിയിലെ ഒരു പണ്ഡിതന്‍ കൈമാറിയതാണത്രേ ഈ തിരുകേശം. പ്രവാചകന്റെ മുടിയുടെ മഹത്വം ലോകത്തെ ബോധ്യപ്പെടുത്താനും സൂക്ഷിയ്ക്കാനുമായി കോഴിക്കോട് നാല്‍പത് കോടിയോളം രൂപ മുടക്കി ഒരു പള്ളി പണിയാനും കാന്തപുരം തീരുമാനിച്ചു. ഇതിന്റെ പേരില്‍ കേരളത്തിലും ഗള്‍ഫിലും വന്‍തോതില്‍ പിരിവും ആരംഭിച്ചതോടെയാണ് മുസ്ലീം സമുദായത്തിലെ മറ്റു പ്രമുഖ പണ്ഡിതരും സംഘടനകളും എതിര്‍പ്പുമായി രംഗത്തെത്തിയത്.

മുടി വ്യാജമാണെന്നും കാന്തപുരത്തിന്റേത് തട്ടിപ്പുമാണെന്നുമാണ് അവരുടെപക്ഷം. ഇതിന് മറുപടി പറഞ്ഞ കാന്തപുരം മുടി പ്രവാചകന്റേതാണെന്നും അത് കത്തിച്ചാല്‍ കത്തില്ലെന്നും പറഞ്ഞുവച്ചു. പക്ഷേ, അങ്ങനെ കത്തിച്ചു പരീക്ഷിക്കാന്‍ പാടില്ലെന്നും തുടര്‍ വിശദീകരണമുണ്ടായി. ഏതായാലും തിരുകേശ വിവാദത്തില്‍ ഒരു രാഷ്ട്രീയ നേതാവ്‌ ഇടപെടുന്നത്‌ ഇതാദ്യമാണ്‌. പിണറായിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തോടെ പ്രശ്‌നം കേരളത്തിലൊരു രാഷ്ട്രീയ വിവാദമാകാനുള്ള സാധ്യതയാണ്‌ കാണുന്നത്‌. രാഷ്ട്രീയക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടേണ്ടെന്നും അങ്ങനെയുണ്ടായാല്‍ അത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിയ്ക്കുമെന്നും കാന്തപുരം മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.