1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2012

ഐസ്‌ക്രീം കേസ് അന്വേഷണ റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ച കോടതി നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഐസ്‌ക്രീം കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ലഭിക്കാന്‍ ദീര്‍ഘനാളായി പൊതുരംഗത്തുള്ള വി.എസിന് അവകാശമുണ്ടെന്നാണ് സുപ്രീം കോടതിയുടെ വിലയിരുത്തല്‍. കേസില്‍ സി.ബി.ഐ എന്തുകൊണ്ട് കക്ഷി ചേര്‍ന്നില്ല എന്നാരാഞ്ഞ കോടതി ഇക്കാര്യത്തിലും സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

2ജി സ്‌പെക്ട്രം കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നല്‍കിയിരുന്നു. അതുപ്രകാരം ഈ കേസിലും റിപ്പോര്‍ട്ട് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും വി.എസ് ഹരജിയില്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ വിശദാംശങ്ങള്‍ പഠിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ കഴിയൂവെന്നും വി.എസ് ചൂണ്ടിക്കാട്ടി.
കേസില്‍ വിന്‍സന്‍.എം.പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് വി.എസ് സുപ്രീംകോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി വി.എസിന്റെ അപേക്ഷ തള്ളുകയായിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

റൗഫിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. സി.ബി.ഐ അന്വേഷണമായിരുന്നു വി.എസ് ആവശ്യപ്പെട്ടിരുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ സി.ബി.ഐ കൂടി കക്ഷിയാകേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു.

കഴിഞ്ഞ 27 കൊല്ലമായി പെണ്‍വാണിഭത്തിനെതിരെയും അഴിമതിക്കെതിരേയും താന്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന് കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നും സത്യം പുറത്തുവരുമെന്നും ബോധ്യമായതായും അദ്ദേഹം പറഞ്ഞു. കേസില്‍ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യത്തില്‍ നേരില്‍ ഹാജരായി പരാതി ബോധിപ്പിക്കാന്‍ കോഴിക്കോട് കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇതിനായി പോകുകയാണെന്നും വി.എസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.