സ്വന്തം ലേഖകന്‍: ഇന്ത്യന്‍ യുവതിയുടെ മൃതദേഹം ഷാര്‍ജയിലെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍; ഭര്‍ത്താവ് രാജ്യം വിട്ടതായി സൂചന. ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട ശേഷം രാജ്യം വിട്ടതാണെന്നാണ് പോലീസിന്റെ നിഗമനം. കൊലനടത്തിയത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും സംഭവം നടന്നിട്ട് ഒരു മാസമായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഇന്ത്യയില്‍നിന്നെത്തിയ സഹോദരന്‍ യുവതിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്കിയപ്പോളാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. സഹോദരിയെ ഫോണില്‍ ലഭിക്കാതായതിനെത്തുടര്‍ന്നാണ് ഇദ്ദേഹം ഷാര്‍ജയില്‍ എത്തിയത്. വീട്ടിലെത്തിയപ്പോള്‍ ആരെയും കണ്ടില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെയാണ് വീട്ടില്‍ പരിശോധന നടത്തിയതെന്ന് ഷാര്‍ജ പോലീസ് മേധാവി മേജര്‍ ജനറല്‍ സൈഫ് അല്‍ സിരി അല്‍ ഷംസി പറഞ്ഞു. വീടിനുള്ളില്‍ ഒരു ഭാഗത്ത് ടൈലുകള്‍ ഇളകിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസുദ്യോഗസ്ഥര്‍ നായയെക്കൊണ്ട് മണം പിടിപ്പിച്ചാണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്ന സ്ഥലം കണ്ടെത്തിയത്.
അഴുകിത്തുടങ്ങിയ മൃതദേഹം ഫൊറന്‍സിക് നടപടികള്‍ക്കായി നല്കി. യുവതിയെ സഹോദരന്‍ തിരിച്ചറിഞ്ഞു. യുവതിയെക്കൂടാതെ ഭര്‍ത്താവിന് മറ്റൊരു ഭാര്യ കൂടിയുണ്ടെന്നും കൊല നടത്തുന്നതിന് മുന്‍പ് രണ്ടാം ഭാര്യയെയും കുട്ടികളെയും ഇയാള്‍ ഇന്ത്യയിലേക്ക് അയച്ചെന്നുമാണ് കരുതുന്നത്. ഇയാളെ പിടികൂടുന്നതിനായി ഇന്റര്‍പോളടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കൈമാറിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല