കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന് ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഞായറാഴ്ച രാവിലെ ഒമ്പതിന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്… രക്തസമ്മര്‍ദ്ദം തൃപ്തികരമാണെന്നും രണ്ട് ദിവസം കൂടി വെന്റിലേറ്ററില്‍ തുടര്‍ന്ന ശേഷം വീണ്ടും ഒരു ശസ്ത്രക്രിയ കൂടി ജഗതിക്ക് നടത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
രണ്ടാം ഘട്ട ചികിത്സയ്ക്കു ശേഷമേ വ്യക്തമായ അഭിപ്രായം പറയാന്‍ കഴിയൂ. ശ്വാസകോശത്തിലെ രക്തസ്രാവം നിയന്ത്രിക്കാനായിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ വയറിലെയും നെഞ്ചിലെയും പേശികള്‍ക്കുണ്ടായ തകരാറ് വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ അസന്തലുതിവാസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.
കാലിലെയും കൈകളിലെയും എല്ലുകള്‍ക്ക് പൊട്ടലുള്ളതിനാല്‍ ഒരു ശസ്ത്രക്രിയ കൂടി നടത്തേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം അദ്ദേഹത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന് പറയുന്നു.അദ്ദേഹത്തെ പരിശോധിക്കുന്നതിന് 25ഓളം ഡോക്ടര്‍മാരെ നിയോഗിച്ചതായി ആശുപത്രി എം.ഡി അബ്ദുല്ല ചെറയക്കാട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്നലെയാണു ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ തേഞ്ഞിപ്പാലത്തിനടുത്തു പാണേമ്പ്രയില് റോഡ് റിവൈഡറില് ഇടിച്ചത്. ലെനിന് രാജേന്ദ്രന്റെ ഇടവപ്പാതി എന്ന സിനിമയില്‍ അഭിനയിക്കാന്‍ അതിരപ്പിളളിയില്‍ നിന്നു കുടകിലേക്കു പോകും വഴിയായിരുന്നു അപകടം. അപകടത്തില്‍ അദ്ദേഹത്തിന്റെ ദേഹമാസകലം പരുക്കുണ്ട്.
കൈകാലുകള്‍ക്കും തുടയെല്ലിനും ഒടിവുണ്ട്. വയറിനുളളില്‍ രക്തസ്രാവം നിലയ്ക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല