ജ്വല്ലറി ഉടമയെ ആക്രമിച്ച് 100 പവന്‍ ആഭരണം കവര്‍ന്ന കേസില്‍ മുഖ്യപ്രതി ഏഴുവര്‍ത്തിനുശേഷം പോലീസ് പിടിയിലായി. മമ്പാട് പുള്ളിപ്പാടം ചെമ്പകശേരി ജിമ്മി ജോസഫ് എന്ന ബിജു(38) വിനെയാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.
2005 മാര്‍ച്ച് 25നായിരുന്നു കേസിന് ആസ്പദമായ സംഭവം. മലപ്പുറം മക്കരപ്പറമ്പിലെ അക്ബര്‍ ജ്വല്ലറി ഉടമ വടക്കാങ്ങര കിഴക്കേകരുവാട്ടില്‍ മുഹമ്മദിനെ വടക്കാങ്ങരയില്‍ വെച്ച് വെട്ടിപരിക്കേല്‍പ്പിച്ച് ആഭരണങ്ങള്‍ കവരുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ജ്വല്ലറി ഉടമയായ മുഹമ്മദ് കടയടച്ച് ആഭരണങ്ങളുമായി ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ഓട്ടോ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. 800 ഗ്രാം വരുന്ന ആഭരണങ്ങള്‍ അടങ്ങിയ ബാഗ്കവര്‍ന്ന് ബൈക്കില്‍ തന്നെ രക്ഷപ്പെടുകയും ചെയ്തു. മുഹമ്മദിന്റെ യാത്ര സംബന്ധിച്ച് വിവരങ്ങള്‍ സംഘത്തിന് കൈമാറിയ മക്കരപ്പറമ്പ് സ്വദേശിയെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതുകൂടാതെ തമിഴ്‌നാട്, ബാംഗ്ലൂര്‍ സ്വദേശികളായ രണ്ട്‌പേരും കേസില്‍ പ്രതികളാണ്. ജിമ്മി ജോസഫിനെ കഴിഞ്ഞ ദിവസം മുക്കത്ത് വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മുക്കത്ത് വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. കവര്‍ന്നെടുത്ത ആഭരണങ്ങള്‍ നാലുപേരും ചേര്‍ന്ന് വീതിച്ചെടുക്കുകയും ജിമ്മിക്ക് ലഭിച്ച ആഭരണങ്ങള്‍ മലപ്പുറം ജില്ലയില്‍ തന്നെ വില്‍പ്പന നടത്തുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇവ വീണ്ടെടുക്കാനും വിശദമായ അന്വേഷണം നടത്തും.
മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഒട്ടേറെ കേസുകളില്‍ ജിമ്മി പ്രതിയാണെന്നും 2004, 2005, 2010 വര്‍ഷങ്ങളില്‍ വ്യത്യസ്ത കേസുകളില്‍ ഇയാള്‍ പിടിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കൂട്ടുപ്രതികളായ തമിഴ്‌നാട്, കര്‍ണ്ണാടക സ്വദേശികളെ പിടികൂടാന്‍ പോലീസ് ഉടന്‍ അവിടങ്ങളിലേക്ക് തിരിക്കും.
തിരുവാലി, ചുങ്കത്തറ , ഉപ്പുവള്ളി ,പൂക്കോട്ടുംപാടം എന്നിവിടങ്ങളില്‍ ബാങ്കുകളില്‍ കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട് പരാജയപ്പെട്ടതായും പോലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല