1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2012

ജേക്കബ്‌ കോയിപ്പള്ളി

ലണ്ടന്‍:കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രത്യയശാസ്ത്രമായ അധ്വാനവര്‍ഗ്ഗസിദ്ധാന്തം ലോകം അംഗീകരിച്ചുവെന്ന് പാര്‍ട്ടി ചെയര്‍മാനും കേരള ധനമന്ത്രിയുമായ കെ.എം.മാണി. ബ്രട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ പാര്‍ട്ടി പ്രത്യയശാസ്ത്രം അവതരിപ്പിച്ചതിനു പിന്നാലെ നടന്ന ചടങ്ങില്‍ പ്രവാസി കേരള കോണ്‍ഗ്രസിന്റെ റിജണല്‍ വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ധനമന്ത്രി. യുകെയിലെ പാര്‍ലമെന്റ് ഹൗസില്‍ അധ്വാനവര്‍ഗ്ഗസിദ്ധാന്തം അവതരിപ്പിക്കാനായതിന്റെ സന്തോഷത്തോടൊപ്പം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ അധ്യാപകര്‍ മുതര്‍ ബ്രട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ വരെ അധ്വാനവര്‍ഗ്ഗസിദ്ധാന്തത്തിലെ വാദഗതികളെ അംഗീകരിച്ചതിന്റെ സന്തോഷത്തിലായിരുന്നു കേരള കോണ്‍ഗ്രസിന്റെ അമരക്കാരന്‍. വൈകാതെ ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കൈവശവും അധ്വാനവര്‍ഗ്ഗ സിദ്ധാന്തത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പകര്‍പ്പ് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

എഴുതപ്പെട്ട പ്രത്യശാസ്ത്രമുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട പാര്‍ട്ടികളിലൊന്ന് കേരള കോണ്‍ഗ്രസാണ്. കമ്യുണിസ്റ്റുകള്‍ക്ക് എഴുതപ്പെട്ട പ്രത്യയശാത്രം ഉണ്ടെങ്കിലും അതിലെ വാദഗതികള്‍ കാലഹരണപ്പെട്ടതാണ്. ഇതിനു ബദലാണ് കേരള കോണ്‍ഗ്രസിന്റെ അധ്വാനവര്‍ഗസിദ്ധാന്തം. 1978 ല്‍ ചരല്‍ക്കുന്നില്‍ നടന്ന പാര്‍ട്ടിസമ്മേളനത്തിലാണ് അധ്വാനവര്‍ഗ്ഗസിദ്ധാന്തം ആദ്യം അവതരിപ്പിക്കുന്നത്. 34 വര്‍ഷത്തിനുമുമ്പായിരുന്നു അത്. തുടര്‍ന്ന് 2003 ല്‍ അധ്വാവര്‍ഗ്ഗസിദ്ധാന്തം എന്താണെന്ന് വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം തയ്യാറാക്കി. അന്ന് രാജ്യസഭയിലെ പ്രതിപക്ഷനേതാവായിരുന്ന ഡോ.മന്‍മോഹന്‍ സിംഗാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. അന്ന് അദ്ദേഹത്തിനു നല്കാനായി ചെറിയ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയിരുന്നു. ഇത് പൂര്‍ണരൂപം ഇംഗ്ലീഷില്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു. പിന്നീട് ഡോ.മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായ ശേഷം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഇംഗ്ലീഷ് പരിഭാഷ തയ്യാറായോ എന്ന് ചോദിച്ചിരുന്നു. അത്രയ്ക്ക് താത്പര്യത്തോടെയാണ് അധ്വാനവര്‍ഗ്ഗസിദ്ധാന്ത നിലപാടുകളെ അദ്ദേഹം സമീപിച്ചിരുന്നത്.

ഇതുവരെ അധ്വാനവര്‍ഗ്ഗസിദ്ധാന്തത്തിന് ഇംഗ്ലീഷ് പരിഭാഷ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ലജ്ജാഭാരത്തില്‍ ഇരിക്കുമ്പോഴാണ് ലണ്ടന്‍ പാര്‍ലമെന്റ് ഹൗസില്‍ പ്രഭാഷണത്തിനു ക്ഷണിക്കപ്പെട്ടത്. അതിനാല്‍ വേഗത്തില്‍ ഒരു പരിഭാഷ തട്ടിക്കൂട്ടുകയായിരുന്നു. കേരളത്തിലെ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന അധ്യായങ്ങള്‍ ഒഴിവാക്കി അന്താരാഷ്ട്രപ്രാധാന്യമുള്ള ആദ്യത്തെ അഞ്ചു അധ്യായങ്ങള്‍ മാത്രം തെരഞ്ഞെടുത്തായിരുന്നു പരിഭാഷ. ലണ്ടനിലെ പ്രഭാഷണത്തനിടെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രഫസര്‍മാരുമായി സംസാരിച്ചു. പുസ്തകത്തിന്റെ നിരവധി കോപ്പികള്‍ അവര്‍ വാങ്ങി. പ്രഭാഷണത്തില്‍ സംബന്ധിച്ച പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കറും അംഗങ്ങളും കോപ്പി ആവശ്യമാണെന്നുപറഞ്ഞിരുന്നു. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനും ഒരു കോപ്പി ഉടന്‍ ലഭ്യമാകും.

ലണ്ടന്‍ കോണ്‍ഫറന്‍സിലൂടെ ഒരു സംസ്ഥാനപാര്‍ട്ടിയായ കേരള കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. മന്ത്രിയെന്ന നിലയില്‍ തനിക്ക് സ്വീകരണം കിട്ടിയതിനെക്കാള്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം അംഗീകരിക്കപ്പെട്ടു എന്നതാണ് ഇതില്‍ സന്തോഷം നല്കുന്ന കാര്യം.ഇന്ത്യയില്‍ എഴുതപ്പെട്ട പ്രത്യയശാസത്രമുള്ള ചുരുക്കംചില പാര്‍ട്ടികളിലൊന്ന് കേരള കോണ്‍ഗ്രസാണ് എന്ന് അഭിമാനത്തോടെ പറയാം. കമ്യുണിസ്റ്റുകള്‍ക്ക് പ്രത്യയശാസ്ത്രമുണ്ട്. എന്നാല്‍ അതില്‍ എഴുതിവച്ചിരിക്കുന്ന ക്യാപ്റ്റിലിസവും കമ്യുണിസവും ഈ കാലഘട്ടത്തിനു ചേര്‍ന്നതല്ല. ഇതിനു പകരമായി ടോയിലിംഗ് മാസ് പദ്ധതിയെയാണ് കേരള കോണ്‍ഗ്രസ് അഭിസംബോധന ചെയ്യുന്നത്. കേരളത്തില്‍ അവതരിപ്പിച്ച പത്തുബജറ്റുകളും ഈ ടോയിലിംഗ് മാസിനെ സംരക്ഷിക്കാനായിരുന്നു.

ലോകത്തെല്ലായിടത്തും ദുര്‍ബലരായ ആളുകളുണ്ട്, അവരുടെ ഉന്നമനത്തിനായി പരിപാടി തയ്യാറാക്കണം. ലോവര്‍മിഡില്‍ ക്ലാസിന് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന പ്രത്യയശാത്രമാണ് ലോകത്തിന് ആവശ്യം. ഇവിടെയാണ് മാര്‍ക്‌സിസ്റ്റ് പ്രത്യയശാത്രവുമായുള്ള പ്രധാന അഭിപ്രായവ്യത്യാസം. ഉത്പാദക ഉടമസ്ഥതയുള്ള എല്ലാവരും മുതലാളിയാണെന്നാണ് മാര്‍ക്‌സിസം പറയുന്നത്. അങ്ങനെ വരുമ്പോള്‍ അര ഏക്കറുകാരനും ഒരു എക്കറുകാരനും മുതലാളിയാണ്. അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രമാകട്ടെ ലോകത്തെ ഇപ്പോഴത്തെ ഏറ്റവും സ്വീകാര്യമായ നിലപാടുകളാണ് മുന്നോട്ടുവയ്ക്കുന്നത്. ലോകം ആദരിക്കുന്ന നിയമജ്ഞനായ ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരും അധ്വാനവര്‍ഗ്ഗസിദ്ധാനം അംഗീകരിച്ചുവെന്ന് പറഞ്ഞതായി കെ.എം മാണി ഓര്‍മിച്ചു.

യുകെയിലെമ്പാടും പാര്‍ട്ടിയുടെ ശാഖകള്‍ രൂപീകരിക്കണമെന്നും ധനമന്ത്രി നിര്‍ദേശിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവരും ഇന്ത്യയിലെ വോട്ടേഴ്‌സ് ലിസ്റ്റില്‍ സ്ഥാനംപിടിക്കുകയും വേണം. രണ്ടിനും സമയബന്ധിതമായ കര്‍മപദ്ധതി തയ്യാറാക്കണം. വോട്ടര്‍പട്ടികയില്‍ കേരള കോണ്‍ഗ്രസുകാരെ മുഴുവന്‍ ഉള്‍പ്പെടുത്തുന്നതിനു ശ്രമം വേണം. ഇതോടൊപ്പം ബ്രാഞ്ചുകള്‍ യുകെയിലെമ്പാടും രൂപീകരിക്കണം. സമയബന്ധിതമായി വോട്ടര്‍പട്ടികയില്‍ പേരുണ്ടാകണം. കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ശ്രമവും വേണം. ഇവിടെ ആളുകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ കേരളത്തിലെ കേന്ദ്രഓഫീസില്‍ ആ വിവരം അറിയിക്കണം. പുതുതായി പാര്‍ട്ടിയിലെത്തുന്നവരുടെ രജിസ്റ്റര്‍ കേന്ദ്രഓഫീസില്‍ എത്തിക്കണം. അങ്ങനെ യുകെയില്‍ കേരള കോണ്‍ഗ്രസ് അതിശക്തമാകണം. ഇതിന് പ്രവര്‍ത്തകര്‍ എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും കെ.എം.മാണി നിര്‍ദേശിച്ചു.

ഒരു കുടുംബസംഗമമായതിനാല്‍ പ്രസംഗത്തിന്റെ ആവശ്യമില്ലെന്ന മുഖവരയോടെയാണ് ധനമന്ത്രി സംസാരിച്ചുതുടങ്ങിയത്. അടുത്തകാലത്ത് ലഭിച്ചതില്‍വച്ച് ഏറ്റവുംവലിയ സ്വീകരണമാണ് യുകെയില്‍ മലയാളികളും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് നല്കിയത്-കെ.എം മാണി പറഞ്ഞു. മുത്തുക്കുടകളും ബലുണൂകളും കൊടികളുമെല്ലാം സ്വീകരണത്തില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനിടയിലാണ് കണ്ണേ…. കരളേ… എന്നു പറഞ്ഞുകൊണ്ടൊരു മുദ്രാവാക്യവും. തെരഞ്ഞെടുപ്പൊക്കെ വരുമ്പോള്‍ പാലാക്കാര്‍ വിളിക്കുന്ന ഈ മുദ്രാവാക്യം ഇവിടെ മുഴങ്ങുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. കേരള കോണ്‍ഗ്രസിനെ നെഞ്ചോടുചേര്‍ത്ത് സ്‌നേഹിക്കുന്ന ആയിരങ്ങള്‍ ഇവിടെയുണ്ട്. ലോകത്ത് എവിടെയായാലും കേരള കോണ്‍ഗ്രസ് സംസ്‌കാരം നിങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ലണ്ടനില്‍ എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളത്തെ മറക്കാതെ, പ്രസംഗിക്കുന്നു, സംസാരിക്കുന്നു. അങ്ങിനെ കേരളകോണ്‍ഗ്രസിന്റെ സാംസ്‌കാരികതനിമ തുടരുന്നു. ഭക്ഷണത്തിനായി യുകെമലയാളികള്‍ തനിക്ക് കപ്പപ്പുഴുക്കും പച്ചമീന്‍കറിയും തയ്യാറാക്കിവച്ചതും മാണിസാര്‍ പരാമര്‍ശിച്ചു. എല്ലാം ശരിക്ക് ആസ്വദിക്കാനുള്ള സമയം ഇല്ലെന്ന ദുഃഖവും അദ്ദേഹം സദസുമായി പങ്കുവച്ചു.

പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ദേശീയ പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍, ലണ്ടന്‍ റീജ്യണ്‍ പ്രസിഡന്റ് സോജി ടി മാത്യു, റീജ്യണല്‍ വൈസ് പ്രസിഡന്റ് ജിജോ മുക്കാട്ടില്‍ അഡ്വ.ജോബി പുതുക്കുളങ്ങര, സി.എ.ജോസഫ്, ജിജോ അരയത്ത് എന്നിവരും പ്രസംഗിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.