1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2011

ഡെയ്സി ഷാജില്‍

നവംബര്‍ അഞ്ച് ശനിയാഴ്ച സൌത്തെന്റ് ഓണ്‍ സീയില്‍ വെച്ച് നടത്തിയ യുക്മ നാഷണല്‍ കലാമേളയില്‍, കലാമാമാങ്കത്തിനു തിരശീല വീണപ്പോള്‍ കലാതിലകപ്പട്ടം സ്റ്റോക്ക് ഓണ്‍ ട്രന്റിലെ സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന് സ്വന്തം. സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്‍ സ്കൂള്‍ ഓഫ് ഡാന്‍സിലെ വിദ്യാര്‍ഥിനിയായ രേഷ്മ മരിയ എബ്രഹാം 29 പോയിന്റുകളോടെ കലാതിലകപട്ടത്തില്‍ മുത്തമിട്ടു. കലാതിലകപട്ടം സ്വന്തമാക്കിയ രേഷ്മ സാബ്‌ ജൂനിയര്‍ വിഭാഗത്തിലാണ് മത്സരിച്ചത്. നാടോടിനൃത്തം സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍ എന്നിവയില്‍ ഒന്നാം സ്ഥാനവും ഭരതനാട്യം സിംഗിള്‍, ഭരതനാട്യം ഗ്രൂപ്പ്, മാര്‍ഗ്ഗംകളി, എന്നിവയില്‍ രണ്ടാം സ്ഥാനവും നേടിയാണ്‌ രേഷ്മ കലാതിലകപട്ടം അണിഞ്ഞത്.

കഴിഞ്ഞ വര്‍ഷത്തെ യുക്മ നാഷണല്‍ കലാമേളയില്‍ ഇതേ ഡാന്‍സ് സ്കൂളിലെ ജെനീട്ട റോസ് തോമസ്‌ സാബ്‌ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ചാണ് കലാതിലകപട്ടം ചൂടിയിരുന്നത്. ഈ വര്ഷം ജെനീട്ട ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ചു 27 പോയിന്റോടെ രേഷ്മയ്ക്ക് പുറകിലെത്തുകയും ചെയ്തു. പ്രിയ സുന്ദറിന്റെ ചിട്ടയായ ശിക്ഷണവും മാതാപിതാക്കളുടെ കഠിനാധ്വാനവും അസോസിയേഷന്റെ പ്രോത്സാഹനവും രേഷ്മയുടെ അക്ഷീണ പരിശ്രമവും കൈകോര്‍ത്തപ്പോള്‍ വിജയം രേഷ്മയ്ക്ക് മുന്നില്‍ തലകുനിച്ചു.

ഈ ഡാന്‍സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ ബര്‍മിംഗ്ഹാമില്‍ വെച്ച് നടത്തിയ ഗ്രേഡ് വണ്‍ പരീക്ഷയില്‍ നൂറു ശതമാനം വിജയം കൈവരിച്ചതിന് തൊട്ടുപുറകെയാണ് നാഷണല്‍ കലാമേളയിലെ ഈ പൊന്‍ തിളക്കവും. ഈ വര്ഷം ഒക്റ്റോബര്‍ 22 ന് നനീറ്റനില്‍ വെച്ച് നടത്തിയ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ് റീജിയന്‍ കലോത്സവത്തില്‍ രേഷ്മ മരിയ എബ്രഹാമും ജെനീറ്റ റോസ് തോമസും കലാതിലകപട്ടം പങ്കുവെച്ചു. അന്ന് സ്റ്റാഫോര്ഡ്ഷെയര്‍ മത്സരത്തില്‍ ഒന്നാമത് എത്തിയിരുന്നു.

ഈ റീജിയണല്‍ കലാമേളയില്‍ മത്സരിച്ചു മുന്‍പന്തിയില്‍ എത്തിച്ചേര്‍ന്ന ഏവരെയും ഇരുന്നൂറു മൈലുകള്‍ക്ക് അപ്പുറം വെച്ച് നടന്ന യുക്മ നാഷണല്‍ കലാമേളയില്‍ പങ്കെടുപ്പിക്കുവാന്‍ സാധിച്ചു എന്നത് ഈ വിജയത്തിന്റെ ചുക്കാന്‍ പിടിക്കുന്ന എസ്‌എംഎയുടെ ഓരോ ഭരണ കര്‍ത്താക്കളും അഭിമാനം കൊള്ളുന്നു. മത്സരാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന നൃത്തചുവടുകളും മറ്റു കലാപരിപാടികളും കാണികളുടെ കണ്ണിനും കാതിനും കുളിര്‍മയേകികൊണ്ട് അവരുടെ മനസിനെ കോരിത്തരിപ്പിച്ചു. ഒന്‍പത് മണിയോടെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഫലപ്രഖ്യാപനത്തിനായി പിന്നെ കാത്തിരിപ്പ്‌.

യുക്മ വൈസ് പ്രസിഡണ്ടും പ്രോഗ്രാം കമ്മറ്റി കണ്‍വീനറുമായ വിജി.കെ.പി മത്സരഫലങ്ങള്‍ പ്രഖ്യാപിക്കുവാന്‍ തുടങ്ങിയപ്പോള്‍ ആര്‍പ്പു വിളികളിലും കയ്യടിയിലും സദസ് ഇളകിമറിയുകയായിരുന്നു. ഏറ്റവും കൂടുതല്‍ പോയന്റ് നേടി ബാസില്‍ടന്‍ ഒന്നാമതും, മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ രാണ്ടാമാതും എത്തിയപ്പോള്‍ 111 പോയന്റുകള്‍ നേടി സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്‍ മൂന്നാമതായി. ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, നാടോടിനൃത്തം, മാര്‍ഗംകളി, എന്നിവയിലും ഈ വര്ഷം പുതുതായി കൂടിചേര്‍ത്ത ഒപ്പനയില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് എസ്‌എംഎ മൂന്നാമതെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.