1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2012

കണ്‍സള്‍ട്ടന്‍സി നിയമനം സംബന്ധിച്ച ക്രമക്കേടാണ് അടിക്കടിയുണ്ടാകുന്ന വിവാദപര്‍വ്വങ്ങളിലെ അവസാനഇനം. കഴിഞ്ഞമാസം ഒപ്പുവച്ച കണ്‍സല്‍റ്റന്‍സി കരാറില്‍ ക്രമക്കേടെന്ന് ആരോപണവുമായി കരാര്‍ നഷ്ടപ്പെട്ട രണ്ടുകമ്പനികള്‍ രംഗത്തെത്തിയിരിക്കുകയാണ്. കരാര്‍ ലഭിച്ചതാകട്ടെ മൂന്ന് സംസ്ഥാനങ്ങളില്‍ അയോഗ്യത കല്‍പ്പിച്ച കമ്പനിക്കും. ഈ കമ്പനിക്കായി കുറഞ്ഞ തുക ക്വോട്ട് ചെയ്ത രണ്ടു കമ്പനികളെ ഒഴിവാക്കി. ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ നാലു കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കരാറില്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനികളെ ഒഴിവാക്കിയത് ചോദ്യം ചെയ്ത കമ്പനികള്‍ കോടതിയെ സമീപിച്ച അന്നു തന്നെ സ്റ്റൂപ് കമ്പനിയുമായി കണ്ണൂര്‍ വിമാനത്താവള അധികൃതര്‍ കരാറില്‍ ഒപ്പുവച്ചതും വിമശനത്തിനു ശക്തികൂട്ടി.
മൂന്നാംതവണയാണ് കണ്ണൂര്‍ വിമാനത്താവളപദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയെ മാറ്റിയത്. ആദ്യഘട്ടത്തില്‍ എയര്‍പോര്‍ട്ട് അതോരിറ്റിയായിരുന്നു കണ്‍സല്‍ട്ടന്‍സി. അതിനുശേഷം കൊച്ചി അന്താരാഷ്ട്രവിമാനത്താവളം വന്നു. അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഇവരെയും ഒഴിവാക്കിയാണ് മൂന്നാമത്തെ സംഘം വരുന്നത്. അതുംവിവാദത്തിലായിരിക്കുകയാണിപ്പോള്‍. കൊച്ചിന്‍ വിമാനത്താവള കമ്പനി (സിയാല്‍) സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ടും മറ്റു റിപ്പോര്‍ട്ടുകളും അവലോകനം ചെയ്യുക, വിമാനത്താവള കെട്ടിടങ്ങളുടെയും ഉപകരണങ്ങളുടെയും രൂപകല്‍പ്പന, അടങ്കല്‍ എന്നിവ തയാറാക്കല്‍, ആവശ്യമായ അംഗീകാരങ്ങളും അനുമതികളും നേടിയെടുക്കല്‍, നിര്‍മാണ കരാര്‍ നല്‍കുകയും നിര്‍മാണ മേല്‍നോട്ടം വഹിക്കുകയും ചെയ്യല്‍, പ്രവര്‍ത്തന സജ്ജമാകുന്നതുവരെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, മേല്‍നോട്ടം തുടങ്ങിയവയാണ് കണ്‍സല്‍റ്റന്‍സി നിര്‍വഹിക്കേണ്ടത്.
കണ്ണൂര്‍ വിമാനത്താവള കണ്‍സല്‍റ്റന്‍സിക്കായി മുംബൈയിലെ ദര്‍ഷോയുമായി ചേര്‍ന്ന് സ്റ്റുപ് ഇതിനകം കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ടിഇആര്‍എല്‍എയും എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ടൂറിസം അഡൈ്വസേഴ്‌സ് ഇന്‍ഡ്യയെയും സഹകരണത്തിനായി നിയോഗിച്ചിട്ടുണ്ട്. കണ്‍സല്‍റ്റന്‍സിക്കായി കണ്ണൂര്‍ വിമാനത്താവള കമ്പനി (കിയാല്‍) ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. സ്റ്റുപ് നല്‍കിയ ടെന്‍ഡര്‍ അംഗീകരിച്ച ശേഷമാണ് കരാര്‍ ഒപ്പിട്ടത്. 14 കോടിയോളം രൂപയാണ് കണ്‍സല്‍റ്റന്‍സി ഫീസ് എന്നറിയുന്നു. ഹൈദരാബാദ് വിമാനത്താവളത്തിന്റെ കണ്‍സല്‍റ്റന്‍സിയായിരുന്ന സ്റ്റുപ് ആണ് ദുബായ് വിമാനത്താവളത്തിന്റെ ഹാങ്ങര്‍ നിര്‍മിച്ചതെന്നു കിയാല്‍ അധികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റിയെയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ കണ്‍സല്‍റ്റന്‍സി ആദ്യഘട്ടത്തില്‍ ഏല്‍പ്പിച്ചിരുന്നത്. അവരുടെ റിപ്പോര്‍ട്ടുകള്‍ വൈകിയതും കരാറുകള്‍ മറിച്ചു നല്‍കിയതും കാരണം സിയാലിനെ കണ്‍സല്‍റ്റന്‍സി ഏല്‍പ്പിച്ചു.
വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കിയ സിയാലുമായി കണ്‍സല്‍റ്റന്‍സി ഫീസ് സംബന്ധിച്ച് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പുതിയ കണ്‍സല്‍റ്റന്‍സിയെ നിയോഗിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. എയര്‍പോര്‍ട്ട് അതോറിറ്റിയുമായോ സിയാലുമായോ കണ്‍സല്‍റ്റന്‍സി ചുമതല സംബന്ധിച്ച കരാര്‍ ഒപ്പിട്ടിട്ടില്ലെന്നാണ് ഇക്കാര്യത്തില്‍ കിയാല്‍ നല്‍കുന്ന വിശദീകരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.