കണ്ണൂര്‍: തിങ്കളാഴ്ച രാത്രി കണ്ണൂര്‍ ചാല ബൈപ്പാസ് റോഡില്‍ പാചകവാതകടാങ്കര്‍ ലോറി മറിഞ്ഞ് തീപിടിച്ചതിനെത്തുടര്‍ന്നു പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. പരിയാരം മെഡിക്കല്‍ കോളജ് ആസ്ത്രിയില്‍ ചികിത്സയിലായിരുന്ന റംലത്താണ് ഇന്നു പുലര്‍ച്ചെയോടെ മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന 39 പേരില്‍ 13 പേരുടെ നില അതീവഗുരുതരായി തുടരുകയാണ്. അതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത.
ചാല അമ്പലത്തിനടുത്ത് ശ്രീനിലയത്തില്‍ ശ്രീലത(47), ചാല ഞരോളിയില്‍ അബ്ദുള്‍ അസീസ്(55),കണ്ണൂര്‍ തോട്ടട സ്വദേശി നിര്‍മ്മല (50), ചാല സ്വദേശി രമ (50),ചാല സ്വദേശിനി വാഴയില്‍ ഗീത(42) എന്നിവരാണ് നേരത്തെ മരണത്തിന് കീഴടങ്ങിയത്. തിങ്കളാഴ്ച രാത്രി 10.45ഓടെയാണ് കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പാചകവാതകലോറി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിരവധി വീടുകളും കടകളും വാഹനങ്ങളും കത്തിനശിച്ചു. ഇരുപത് മിനിട്ടോളം വാതകം ചോര്‍ന്നശേഷം വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആകാശത്ത് വ്യാപിച്ച അഗ്നിഗോളം ഇരുഭാഗത്തുമുള്ള കടകളെ നശിപ്പിച്ചു. റോഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും കത്തി. ചുറ്റുപാടുമുള്ള വീടുകളില്‍ കുലുക്കവും ചൂടും അനുഭവപ്പെട്ടു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല