മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമായതിനെ തുടര്‍ന്ന് ജാതിമത വ്യത്യാസമില്ലാതെ മാഞ്ചസ്റ്ററിലെ മുഴുവന്‍ അസോസിയേഷനുകളും സംയുക്തമായി രൂപീകരിച്ച കേരള കമ്യൂണിറ്റി ആക്ഷന്‍ കൌണ്‍സിലിന്റെ മെഗാ പെറ്റീഷന്‍ അടുത്തയാഴ്ച മുതല്‍ ജനപ്രതിനിധികള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും സമര്‍പ്പിക്കും. ഏതാനും അസോസിയേഷനുകളില്‍ നിന്നുമുള്ള ക്രൈം നമ്പറുകളും ഒപ്പുകളും ഇനിയും ലഭിക്കാനുണ്ട്. ഇവകൂടി ലഭിക്കുന്നതോടെ അടുത്തയാഴ്ച തന്നെ പെറ്റീഷന്‍ സമര്‍പ്പിക്കുമെന്ന് ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനര്‍മാരായ കെ.ഡി ഷാജിമോന്‍, ബിജു ആന്റണി തുടങ്ങിയവര്‍ അറിയിച്ചു.
മാധ്യമങ്ങള്‍ വഴി സമാഹരിച്ച ഓണ്‍ലൈന്‍ പെട്ടീഷനും മാഞ്ചസ്റ്ററിലെ വിവിധ അസോസിയേഷനുകള്‍ വഴി സമാഹരിച്ച ക്രൈം നമ്പറുകളും ഒപ്പുകളും ഒന്നിച്ച് ചേര്‍ത്താണ് മെഗാ പെറ്റീഷന്‍ തയ്യാറാക്കിയിരിക്കുന്നത്. മാഞ്ചസ്റ്ററിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി കമ്യൂണിറ്റി നേരിട്ട അതിക്രമങ്ങളും പ്രധാന പ്രശ്ന മേഖലകളും പെറ്റീഷനില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഒന്‍പത് കൌണ്‍സിലുകളുടെ കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ നടന്ന മോഷണ വിവരങ്ങളാണ് ആക്ഷന്‍ കൌണ്‍സില്‍ ശേഖരിക്കുന്നത്.
മേയര്‍, ചീഫ് പോലീസ് കോണ്‍സ്റ്റബിള്‍, എം.പിമാര്‍, കൌണ്‍സിലര്‍മാര്‍ എന്നിവര്‍ക്കാണ് പരാതി സമര്‍പ്പിക്കുക. അധികാരികളില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി ആക്രമണങ്ങളും മോഷണങ്ങളും തടയുന്നതിന് വേണ്ട നടപടികള്‍ക്കാകും ആക്ഷന്‍ കൌണ്‍സില്‍ മുന്‍കൈ എടുക്കുക. ഇനിയും ക്രൈം നമ്പറുകള്‍ ആരെങ്കിലും അയക്കുവാന്‍ ഉണ്ടെങ്കില്‍ വ്യാഴാഴ്ചയ്ക്ക് മുന്‍പായി kcac2011@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 07809295451 അല്ലെങ്കില്‍ 07886526706 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല