1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2012

മലപ്പുറം കുനിയില്‍ നടുപ്പാട്ടില്‍ ഞായറാഴ്ച്ച രാത്രി വെട്ടേറ്റ കൊലക്കേസ് പ്രതികളായ രണ്ടുപേര്‍ മരിച്ചു. അതീഖുറഹ്മാന്‍ വധക്കേസിലെ പ്രതികളായ കൊളക്കാടന്‍ ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ (കുഞ്ഞാപ്പു) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. രാത്രി എട്ടുമണിയോടെ വെട്ടേറ്റ ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

കൈയ്യിനും തലയ്ക്കും ഗുരുതരമായി വെട്ടേറ്റ അബൂബക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും കേസിലെ മുഖ്യപ്രതിയായ കൊളക്കാടന്‍ ആസാദിനെ കോഴിക്കോട് മിംസ് ആസ്പത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. മുഖംമൂടി ധരിച്ച അജ്ഞാതസംഘം ടാറ്റാ സുമോ വണ്ടിയിലെത്തിയാണ് അക്രമം നടത്തിയത്.

അതീഖുറഹ്മാന്‍ വധിക്കപ്പെട്ട കുനിയില്‍ ന്യൂബസാറില്‍ അതേസ്ഥലത്ത് നില്‍ക്കുകയായിരുന്നു ജാമ്യത്തിലിറങ്ങിയ പ്രതികള്‍. അപ്രതീക്ഷിതമായി വാഹനത്തില്‍ നിന്നിറങ്ങിയ മുഖംമൂടി സംഘം ഇരുവരെയും വെട്ടി സ്ഥലം വിടുകയായിരുന്നു. കഴിഞ്ഞ ജനവരി അഞ്ചിനാണ് അതീഖുറഹ്മാന്‍ വധിക്കപ്പെട്ടത്. കേസില്‍ മൊത്തം ആണ് പ്രതികളാണ് ഉണ്ടായിരുന്നത്.

ഇതില്‍ കൊളക്കാടന്‍ ഗുലാം ഹുസൈന്‍, കൊളക്കാടന്‍ നാസര്‍, കൊളക്കാടന്‍ ഗുലാം പാഷ എന്ന ഷിജു, കുറ്റൂളി ഉള്ളാടന്‍ ഫൈസീര്‍, കൊളക്കാടന്‍ അബൂബക്കര്‍ (കുഞ്ഞാപ്പു) എന്നിവരെ സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നാസറിനെ ചികിത്സയിലിരിക്കെയും ഒളിവിലായിരുന്ന ഒന്നാം പ്രതി കൊളക്കാടന്‍ ആസാദിനെ ജനവരി 13നും അറസ്റ്റ് ചെയ്തു.

പ്രതികള്‍ക്കെതിരെ പ്രതികാര നടപടികള്‍ക്ക് സാധ്യതയുണ്ടെന്ന് പോലീസിന് സൂചനയുണ്ടായിരുന്നു. ഇതിനാല്‍ കുനിയില്‍ പ്രദേശത്ത് പൊതുപരിപാടികള്‍ക്ക് പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ എല്ലാവരുടെയും കണക്കുകൂട്ടല്‍ തെറ്റിച്ചാണ് ഞായറാഴ്ച അക്രമം നടന്നത്. പ്രദേശത്ത് സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചതായി പോലീസ് അറിയിച്ചു. ആക്രമണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവരെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.