ചെന്നൈ:
ഇതിപ്പോള്‍ ഒരു കൊല്ലത്തിനിപ്പുറം വീണ്ടും ഒരു പോലിസ് വെടിവെപ്പും മരണവുമുണ്ടായിരിക്കുകയാണ്. ആണവനിലയത്തില്‍ ഇന്ധനം നിറക്കാനൊരുങ്ങുന്നതില്‍ പ്രതിഷേധിച്ച് ഗ്രാമവാസികള്‍ ആണവനിലയം ഉപരോധിച്ചതിനെത്തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിനൊടുവിലാണ് ഒരാള്‍ കൊലപ്പെട്ടത്. ആണവനിലയത്തിനെതിരേ സംഘര്‍ഷത്തില്‍ പോലീസ് ആയിരക്കണക്കിന് ആളുകള്‍ക്കുനേരെ ലാത്തിവീശി. ഇതേത്തുടര്‍ന്ന് തിരുച്ചെന്തൂരിനടുത്ത മണപ്പാട്ട് പോലീസ്‌സ്‌റ്റേഷന്‍ ഉപരോധിച്ച ഗ്രാമീണര്‍ക്കുനേരെയുണ്ടായ പോലീസ് വെടിവെപ്പിലാണ് ഒരാള്‍ മരിച്ചത്. തൂത്തുക്കുടി ജില്ലയിലെ മണപ്പാട് ഗ്രാമത്തില്‍ നിന്നുള്ള അന്തോണി രാജ് (45) ആണ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് തൂത്തുക്കുടി , തിരുനെല്‍വേലി ജില്ലകളില്‍ കനത്തസംഘര്‍ഷം നിലനില്‍ക്കുകയാണ്.
കൂടംകുളം ആണവനിലയത്തിനടുത്ത് തമ്പടിച്ച് പ്രതിഷേധിക്കുകയായിരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ തിങ്കളാഴ്ച രാവിലെ പോലീസ് ബലപ്രയോഗം നടത്തിയിരുന്നു. ആണവനിലയത്തില്‍ ആണവ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം ഞായറാഴ്ച നിലയത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പോലീസിനെ കബളിപ്പിച്ച് കടലോരത്തിലൂടെ മാര്‍ച്ച് നടത്തിയ ജനക്കൂട്ടത്തെ ആണവനിലയത്തിന് 500 മീറ്റര്‍ അകലെവെച്ചു മാത്രമാണ് പോലിസിന് തടയാനായത്. പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടിട്ടും ഈ ജനക്കൂട്ടം രാത്രി അവിടെത്തന്നെ തങ്ങുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ തമിഴ്‌നാട് ദക്ഷിണ മേഖലാ ഐ.ജി. രാജേഷ് ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം പ്രക്ഷോഭകരോട് പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടു. 10 മിനിറ്റിനുള്ളില്‍ സ്ഥലം വിട്ടില്ലെങ്കില്‍ ബലപ്രയോഗമുണ്ടാവുമെന്ന മുന്നറിയിപ്പും പോലീസ് നല്‍കി. ഈ ആവശ്യം ജനങ്ങള്‍ നിരസിച്ചതോടെയാണ് പോലീസ് ബലം പ്രയോഗിച്ചത്. കണ്ണീര്‍വാതകഷെല്ലുകള്‍ പൊട്ടിച്ചും ലാത്തിവീശിയും പോലീസ് മുന്നേറിയപ്പോള്‍ പ്രക്ഷോഭകരില്‍ പലരും കടലിലേക്കെടുത്തുചാടി. എല്ലാവര്‍ക്കും നീന്തലറിയാവുന്നതുകൊണ്ടു മാത്രമാണ് വന്‍ ദുരന്തമൊഴിവായതെന്ന് പ്രക്ഷോഭകരില്‍ ഒരാളായ മില്‍ട്ടന്‍ പറഞ്ഞു.
പോലീസും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒന്നരമണിക്കൂറോളം നീണ്ടുനിന്നു. എസ്.പി. ഉദയകുമാര്‍, പുഷ്പരാജന്‍ തുടങ്ങിയ സമരനേതാക്കളെ അറസ്റ്റുചെയ്യാനുള്ള പോലീസിന്റെ ശ്രമം സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പ്രതിരോധിച്ചു. ഏറ്റുമുട്ടലിനൊടുവില്‍ പ്രക്ഷോഭകര്‍ സമരകേന്ദ്രമായ ഇടിന്തക്കരൈയിലേക്ക് പിന്‍വാങ്ങി. ഇവിടെ 48 മണിക്കൂര്‍ നിരാഹാരം തുടങ്ങിയതായി സമരസമിതിവൃത്തങ്ങള്‍ പറഞ്ഞു. കൂടംകുളത്ത് പ്രക്ഷോഭകരെ പോലീസ് നേരിട്ടതായി വാര്‍ത്ത പരന്നതോടെയാണ് തൂത്തുക്കുടിയിലെ മണപ്പാട്ട് ആയിരത്തോളം വരുന്ന മുക്കുവര്‍ പ്രതിഷേധവുമായി റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചത്. മണപ്പാട് തീരദേശത്തുള്ള പോലീസ് ചെക്‌പോസ്റ്റിന് തീവെച്ച ജനക്കൂട്ടം തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലേക്ക് നീങ്ങിയപ്പോഴാണ് വെടിവെക്കേണ്ടി വന്നതെന്നാണ് പോലീസ് പറയുന്നത്. തൂത്തുക്കുടി നാഗര്‍കോവില്‍ ഹൈവേ ഉപരോധിക്കാനും ശ്രമമുണ്ടായി. വയറിന്റെ ഇടതുഭാഗത്ത് വെടിയേറ്റ അന്തോണിരാജ് സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.
കൂടംകുളം സമരം അതിവിദഗ്ധമായി കൈകാര്യം ചെയ്‌തെന്ന മുഖ്യമന്ത്രി ജയലളിതയുടെ അവകാശവാദവും ഇതോടെ പൊള്ളയായി. ആണവനിലയത്തിന് ഹൈക്കോടതിയുടെ പ്രവര്‍ത്തനാനുമതി കിട്ടിയ സാഹചര്യത്തില്‍ കൂടംകുളം ആണവനിലയത്തില്‍ നിന്ന് വൈദ്യുതി ഉത്പാദനം തുടങ്ങാന്‍ ഒരു മാസം മാത്രമേ ബാക്കിയുള്ളു എന്ന കണക്കുകൂട്ടലിലായിരുന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍. ആയിരം മെഗാവാട്ട് വൈദ്യുതിയാണ് കൂടംകുളത്തെ ആദ്യ റിയാക്ടര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ സ്വന്തം വിഹിതമായി കേന്ദ്ര സര്‍ക്കാര്‍ മാറ്റിവെച്ചിരുന്ന പങ്കും തമിഴ്‌നാടിന് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, സമരം അക്രമാസക്തമായതോടെ ഈ കണക്കുകൂട്ടലുകള്‍ പാടെ തകിടം മറിയുകയാണ്. കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ സുശക്തമായി സംഘടിക്കപ്പെട്ടിട്ടുള്ളവരാണ് തമിഴ്‌നാടിന്റെ തീരദേശങ്ങളിലുള്ള മീന്‍പിടിത്തക്കാര്‍. അതുകൊണ്ടുതന്നെ പരമക്കുടിയിലേതുപോലെ പോലീസ് വെടിവെപ്പു കൊണ്ടു തീരുന്നതാവില്ല കൂടംകുളത്തെ പ്രക്ഷോഭം.
ഇടിന്തകരൈയില്‍നിന്ന് തിങ്കളാഴ്ച വൈകിട്ട് പോലിസിനെ കബളിപ്പിച്ച് ആണവനിലയത്തിന് 500 മീറ്റര്‍ വരെ അടുത്തെത്താന്‍ പ്രക്ഷോഭകര്‍ക്കായതാണ് സമരത്തെ പൊടുന്നനെ മാറ്റിമറിച്ചത്. കഴിഞ്ഞ ഒരു കൊല്ലമായി തുടരുന്ന സമരം നിര്‍വീര്യമാക്കുന്നതിനായി പോലിസ് കൊണ്ടു പിടിച്ച് ശ്രമിക്കുന്നതിനിടയിലാണ് ഈ പരിണാമമുണ്ടായത്. ഇത്തരമൊരു നീക്കം മുന്‍കൂട്ടിക്കാണാനായില്ലെന്നത് പോലീസിന്റെ പരാജയംതന്നെയാണ്. ആണവ ഇന്ധനം നിറയ്ക്കുന്നതിനായുള്ള ശ്രമം തുടങ്ങിയിരിക്കേ, ആണവനിലയത്തിന്റെ ആറു കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങള്‍ തമ്പടിക്കുന്നത് ഒരു കാരണവശാലും പോലീസിന് അനുവദിക്കാനാവുമായിരുന്നില്ല. പക്ഷേ, പോലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സമരസമിതി ആണവനിലയത്തിന് വളരെ അടുത്തെത്തി. സാധാരണഗതിയില്‍ സമരം വിജയിക്കാനുള്ള സാധ്യത ഇല്ലെന്ന് വ്യക്തമായിരുന്നു.സമരം മന്ദഗതിയില്‍ മുന്നോട്ടുപോയി സ്വയം ഇല്ലാതാവുമെന്ന പ്രതിക്ഷയായിരുന്നു പോലീസിനുണ്ടായിരുന്നത്. ഇതിനിടയില്‍ സമരസമിതി നേതാക്കളുടെ തന്ത്രങ്ങള്‍ പിടിച്ചെടുക്കുന്നതിലും പോലീസ് പരാജയപ്പെട്ടു. വളരെവ്യക്തമായി ആസൂത്രണംചെയ്ത സമരപദ്ധതിയാണ് കഴിഞ്ഞദിവസം സമരസമിതി നേതാക്കള്‍ നടപ്പാക്കിയത്. ഇതിന്റെ അനുരണനങ്ങള്‍ അടുത്ത ദിവസങ്ങളിലായിരിക്കും കൂടുതല്‍ വ്യക്തമാവുക.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല