ടി.പി. ചന്ദ്രശേഖരനെ കൊല്ലാന്‍ പാര്‍ട്ടി തീരുമാനമുണ്ടോ എന്നറിയാന്‍ കോഴിക്കോട്ടെ ഒരു ജില്ലാ സെക്രട്ടേറിയറ്റംഗത്തെ വിളിച്ചിരുന്നതായി പി.കെ. കുഞ്ഞനന്തന് മൊഴി നല്കി. ടി.പി. യെ കൊല്ലാനുള്ള പദ്ധതിയുമായി കെ.സി. രാമചന്ദ്രന് തന്നെ സമീപിച്ചപ്പോഴാണ് ജില്ലാ സെക്രട്ടേറിയറ്റംഗത്തെ വിളിച്ചത്. എന്നാല്‍, പാര്‍ട്ടി തീരുമാനമുണ്ടായിരിക്കാമെന്നാണ് അദ്ദേഹം പ്രതികരിച്ചതെന്നും കുഞ്ഞനന്തന് പറഞ്ഞു.
ഗൂഢാലോചനയില്‍ വടകര മേഖലയില്‍ നിന്നുള്ള ഈ ജില്ലാ സെക്രട്ടേറിയറ്റംഗത്തിന് പങ്കുണ്ടോ എന്ന കാര്യം കുഞ്ഞനന്തന് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, കുഞ്ഞനന്തനുമായി ബന്ധപ്പെടുത്തിയത് ഇദ്ദേഹമാണെന്ന് കെ.സി. രാമചന്ദ്രന്റെ മൊഴിയില്‍ പരാമര്‍ശമുണ്ട്. കേസില്‍ അറസ്റ്റിലായ മറ്റു പലരുടെയും മൊഴികളിലും ഇദ്ദേഹത്തെക്കുറിച്ച് സൂചനകളുണ്ട്.
ഇടയ്ക്ക് ചോദ്യംചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചു തുടങ്ങിയ കുഞ്ഞനന്തന് ചില കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ശക്തമായി നിഷേധിക്കുകയാണെന്നും പോലീസ് പറഞ്ഞു. അന്വേഷണസംഘത്തിന് ലഭിച്ച മൊഴികള്‍ സ്ഥിരീകരിക്കാന്‍ മാത്രമാണ് ഇയാള്‍ തയ്യാറാവുന്നത്. കെ.സി. രാമചന്ദ്രനാണ് കാര്യങ്ങള്‍ അവതരിപ്പിച്ചതെങ്കിലും കൊലയാളിസംഘത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും എം.സി. അനൂപാണ് അവസാനം തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പിന്നീട് കൊല്ലാനുള്ള പദ്ധതി തയ്യാറാക്കാന്‍ താന്‍ നേതൃത്വം നല്‍കുകയായിരുന്നെന്നും കുഞ്ഞനന്തന് പറഞ്ഞു.
അതേസമയം, പോലീസ് കസ്റ്റഡിയിലുള്ള കൊടിസുനിയെയും കിര്‍മാണി മനോജിനെയും വെള്ളിയാഴ്ച തിരികെ കോടതിയില്‍ ഹാജരാക്കും. കെ.സി. രാമചന്ദ്രന്റെ റിമാന്‍ഡ് കാലാവധിയും പതിന്നാല് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല