1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2012

താലി കെട്ടുന്നതിന് തൊട്ട് മുമ്പ് രംഗപ്രവേശം ചെയ്ത കാമുകന്‍ വിവാഹം മുടക്കി. കാമുകനെ കണ്ടതോടെ വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം വേണ്ടെന്നും കാമുകനെ മതിയെന്നും വധു പറഞ്ഞതോടെ വരനും സംഘവും മടങ്ങുകയും ചെയ്തു. തിരുവനന്തപുരം കഴക്കൂട്ടത്തെ വിവാഹവേദിയിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. കല്യാണം മുടങ്ങിയതോടെ ആയിരക്കണക്കിനാളുകള്‍ക്കായി തയാറാക്കിയ വിവാഹസദ്യയും വിളമ്പാനായില്ല. ഒടുവില്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ട യുവതിയെ കാമുകന്‍ സ്വന്തം വീട്ടിലേക്കു കൊണ്ടുപോവുകയും ചെയ്തു.

പൗണ്ടുകടവ് സ്വദേശിനിയായ യുവതിയും വര്‍ക്കല സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരനും തമ്മിലുള്ള വിവാഹമാണ് കാമുകന്റെ വരവോടെ മുടങ്ങിയത്. വരനും കൂട്ടരും വിവാഹത്തിനെത്തിയപ്പോഴാണ് കാമുകന്‍ പള്ളിത്തുറ സ്വദേശിയായ ഓട്ടോഡ്രൈവര്‍ സുഹൃത്തുക്കളുമായി രംഗത്തെത്തിയത്.

വധുവിന്റെ വീട്ടുകാര്‍ക്കിടയില്‍ ചാടിവീണ യുവാവ് തന്റെ കാമുകിയെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും ഏഴു വര്‍ഷമായി പ്രണയത്തിലാണെന്നും വിളിച്ചുപറഞ്ഞതോടെ കാര്യങ്ങള്‍ അലങ്കോലപ്പെട്ടു.

വധുവിന്റെ വീട്ടുകാര്‍ യുവാവിനെ പുറത്താക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥയായി. വരന്റെ കൂട്ടരും പ്രതികരിച്ചതോടെ ഹാളിനുമുന്നില്‍ ബഹളവും കയ്യാങ്കളിയും അരങ്ങേറി. വിവരമറിഞ്ഞു കഴക്കൂട്ടം പൊലീസ് എത്തി വധുവിനോടു കാര്യം തിരക്കിയപ്പോഴാണ് പ്രണയത്തിന്റെ കാര്യം യുവതി പൊലീസിനോട് തുറന്നുപറഞ്ഞത്.

തുടര്‍ന്ന് വധൂവരന്മാരെയും കാമുകനെയും സ്റ്റേഷനിലെത്തിച്ച് പൊലീസ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശ്രമിച്ചു. എന്നാല്‍ വിവാഹം നിശ്ചയിച്ചത് തന്റെ സമ്മതത്തോടെയല്ലെന്നും കാമുകനോടൊപ്പം ജീവിയ്ക്കാനാണ് താത്പര്യമെന്നും യുവതി പറഞ്ഞതോടെ വരന്റെ വീട്ടുകാര്‍ വന്ന പോലെ മടങ്ങി. മാനഹാനിയ്ക്ക് കേസ് കൊടുക്കുമെന്ന് പറഞ്ഞായിരുന്നു അവരുടെ മടക്കം.

വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയ യുവതിയെ ആഭരണങ്ങള്‍ ഊരി വാങ്ങിയശേഷം സഹോദരന്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. പുറത്ത് കാത്തുനിന്ന് കാമുകന്‍ യുവതിയെ കൂട്ടിക്കൊണ്ടുപോയതോടെയാണ് നാടികീയരംഗങ്ങള്‍ക്ക് അന്ത്യമായത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.