സാരമായി പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചാല ദേവിനിവാസില്‍ കൃഷ്ണന്‍ ( 75), മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിസാ രാജന്‍ എന്നിവരാണ് ഇന്ന് മരിച്ചത്. വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്ന 11 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ നാല്‍പതോളം പേര്‍ക്കാണ് പൊള്ളലേറ്റത്.
ചാല ഹൗസില്‍ അബ്ദുള്‍ റസാഖ്( 60), ഭാര്യ റംലത്ത്( 50), ആര്‍.സി. ഹൗസില്‍ ലക്ഷ്മണന്‍( 68), ഭാര്യ നിര്‍മ്മല( 55), വാഴയില്‍ പുതിയ വീട്ടില്‍ രമ( 50), സഹോദരി ഗീത( 40), ചാല ശ്രീനിലയത്തില്‍ ശ്രീലത( 48), നരോളി അബ്ദുള്‍ അസീസ്( 55) എന്നിവരാണ് മൂന്നു ദിവസങ്ങളായി മരിച്ചവര്‍. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഏഴ് പേരുടെയും മംഗലാപുരത്തുള്ള നാലു പേരുടെയും കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ കഴിയുന്ന ഒരാളുടെയും നിലയാണ് ഗുരുതരമായി തുടരുന്നത്. ഇന്നലെ മരിച്ച ലക്ഷ്മണന്റെ സഹോദരനാണ് ഇന്ന് രാവിലെ മരിച്ച കൃഷ്ണന്‍. ഹോമിയോ ഡോക്ടറാണ്.
പരിയാരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കൃഷ്ണന്റെ ഭാര്യ ദേവി, മകന്‍ പ്രകാശന്റെ ഭാര്യ റിജിന എന്നിവരുടെ നില മാറ്റമില്ലാതെ തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പൊള്ളലേറ്റവരെ പരിശോധിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.സി. ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി. മോഹനന്‍ എന്നിവര്‍ ഇന്ന് വൈകിട്ട് മരിച്ചവരുടെ വീടുകളും ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കും.
ദുരന്തത്തിനിരയായവര്‍ക്കുള്ള സഹായധനം നല്‍കി തുടങ്ങിയിട്ടുണ്ട്. മരിച്ച ശ്രീലത, രമ,ഗീത, നിര്‍മ്മല എന്നിവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്ന പത്ത് ലക്ഷം രൂപയുടെ ആദ്യ ഗഡുവായി അരലക്ഷം രൂപ വീതമാണ് നല്‍കിയത്. എ.പി.അബ്ദുള്ളക്കുട്ടി എം. എല്‍. എ, ജില്ലാ കളക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍, തഹസില്‍ദാര്‍ സി. എം. ഗോപിനാഥന്‍ എന്നിവര്‍ നേരിട്ടെത്തിയാണ് സഹായധനം നല്‍കിയത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല